ഇസ്‌ലാമാബാദ്: നിരോധിത രാഷ്ട്രീയ പ്പാർട്ടിയായ തെഹരീക്ക് ലബ്ബായിക് പാകിസ്താനിലെ (ടി.എൽ.പി.) 350 പ്രവർത്തകരെ വിട്ടയച്ചതായി പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ്. അക്രമാസക്തമായ പ്രതിഷേധങ്ങൾ നടത്തിയതിന് കസ്റ്റഡിയിലെടുത്തവരെയാണ് രാഷ്ട്രീയസംഘർഷം ഒഴിവാക്കുന്നതിൻറെ ഭാഗമായി വിട്ടയച്ചത്. ഇസ്‌ലാമാബാദിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കുമെന്ന ടി.എൽ.പി.യുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് നടപടി.‌

ടി.എൽ.പി.യുടെ അവകാശവാദങ്ങൾ പരിഗണിച്ച് ചൊവ്വാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നും പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്ന പാർട്ടി മേധാവി സാദ് ഹുസൈൻ റിസ്‌വിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടി.എൽ.പി. രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ മൂന്നു പോലീസുകാരും ഏഴ്‌ ടി.എൽ.പി. പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

വിവാദ കാർട്ടൂൺ വിഷയത്തിൽ ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമന്നാവശ്യപ്പെട്ട് അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തതിന് കഴിഞ്ഞ ഏപ്രിൽ മുതൽ തടവിൽ കഴിയുകയാണ് റിസ്‌വി.