ഇസ്‌ലാമാബാദ്: പാകിസ്താനിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാത്തതിനും രാജ്യത്ത് പണപ്പെരുപ്പം വർധിക്കുന്നതിലും പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ചുകൊണ്ട് സെർബിയയിലെ പാക് എംബസിയുടെ ട്വീറ്റ്. ‘പണപ്പെരുപ്പം മുമ്പത്തെ എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തോളമായി ഞങ്ങൾക്ക് ശമ്പളം കിട്ടാതെ, കുട്ടികൾ ഫീസടയ്ക്കാനാകാതെ സ്കൂളിനു പുറത്തുപോകാൻ നിർബന്ധിതരാവുമ്പോൾ, ഒന്നുംമിണ്ടാതെ ഞങ്ങൾ എത്രകാലം ജോലി തുടരുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ഇതാണോ പുതിയ പാകിസ്താൻ?’ എന്നായിരുന്നു സെർബിയയിലെ പാക് എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റ്. ക്ഷമിക്കണം ഇമ്രാൻ ഖാൻ, എനിക്ക് മറ്റൊരു മാർഗവുമില്ലെന്നും ട്വീറ്റിൽ പറയുന്നു. സാധനവില വർധിക്കുന്നതിൽ ഇമ്രാൻ ഖാനെ പരിഹസിക്കുന്ന 55 സെക്കൻഡുള്ള വീഡിയോ ഗാനവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

എന്നാൽ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളായ ട്വിറ്ററും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാാമും ഹാക്ക് ചെയ്യപ്പെട്ടെന്നാണ് എംബസിയുടെ വിശദീകരണം. നവംബറിൽ പാകിസ്താനിലെ പണപ്പെരുപ്പം 11.5 ശതമാനമായി ഉയർന്നിരുന്നു. 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പഴം, പച്ചക്കറി, മാംസം, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.