ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദ് ദവ തലവനുമായ ഹാഫിസ് സയീദിന്റെ സംഘടന പാകിസ്താന്‍ നിരോധിച്ചു. ജമാ അത്ത് ഉദ്ദ് ദവയുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ മറയായി പ്രവര്‍ത്തിച്ചിരുന്ന 'തെഹ്രീകി ആസാദി ജമ്മുകശ്മീര്‍' എന്ന സംഘടനയ്ക്കാണ് നിരോധനം.

ഭീകരസംഘടനകള്‍ക്കും അവയ്ക്ക് സാമ്പത്തികസഹായം നല്‍കുന്നവര്‍ക്കും എതിരെ നടപടിയെടുക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങിയാണ് പാക് നടപടിയെന്ന് കരുതുന്നു. നിരോധനം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ജമാ അത്ത് ഉദ്ദ് ദവ യോഗംചേരുമെന്ന് പാക് ദിനപത്രം 'ദ നേഷന്‍' റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരിയില്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് രാജ്യവ്യാപകമായ റാലികള്‍ നടത്തിയാണ് സംഘടന പരസ്യമായി രംഗത്തെത്തിയത്. അതിന് ഒരാഴ്ച മുമ്പായിരുന്നു സയീദ് സംഘടന സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. ജമാ അത്ത് ഉദ്ദ് ദവയ്ക്കും ഫാല -ഇ ഇന്‍സാനിയത്തിനും എതിരെ പാകിസ്താന്‍ നടപടിക്കൊരുങ്ങുന്നെന്ന സൂചനയെത്തുടര്‍ന്നായിരുന്നു പുതിയ സംഘടനാ പ്രഖ്യാപനം.

ജൂണ്‍ എട്ടിന് ജമാ അത്ത് ഉദ്ദ് ദവയെ പാകിസ്താന്‍ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു. ജയ്‌ഷെ മുഹമ്മദ്, അല്‍ ഖായിദ തെഹരീകി താലിബാന്‍ എന്നിവയടക്കം 64 സംഘടനകള്‍ ഈ പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് സ്‌പെയിനില്‍ യോഗം ചേരുന്നതിന് മുന്നോടിയായിരുന്നു നടപടി. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യ പരാതിപ്പെട്ടിരുന്നു.