കറാച്ചി: പാകിസ്താൻ ദക്ഷിണ സിന്ധ് പ്രവിശ്യയിലെ പോലീസ് മേധാവിയെ സൈന്യം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
അർധസൈനിക വിഭാഗം റേഞ്ചേഴ്‌സ് പട്ടാളക്കാരാണ് തിങ്കളാഴ്ച പോലീസ് മേധാവി മുഷ്താഖ് അഹമ്മദ് മഹറിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളും പാകിസ്താൻ മുസ്‌ലിംലീഗ് -നവാസ്(പി.എം.എൽ. എൻ) വൈസ് പ്രസിഡന്റുമായ മറിയം നവാസ് ഷരീഫ്, ഭർത്താവ് സഫ്ദർ അവാൻ ഉൾപ്പടെ 200 പി.എം.എൽ.എൻ. പ്രവർത്തകരുടെ പേരിൽ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടാൻ ബലപ്രയോഗത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ വക്താവ് മുസ്തഫ നവാസ് ഖോഖാർ ചൊവ്വാഴ്ച പറഞ്ഞു. സംഭവത്തിൽ സൈനികതലവൻ ഖമർ ജാവേദ് ബാജ്‌വ അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ, സൈന്യത്തെ പിന്തുണയ്ക്കുന്ന സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രതികരണമുണ്ടായിട്ടില്ല. വിവിധ വിഷയങ്ങൾ ഉന്നയിച്ച് പാകിസ്താനിലെ പ്രതിപക്ഷപാർട്ടികൾ സർക്കാരിനുനേരെ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സംഭവങ്ങൾ ആഭ്യന്തരകലാപത്തിനുള്ള സൂചനയാണ് നൽകുന്നതെന്ന് ഇസ്‌ലാമാബാദ് കേന്ദ്രങ്ങൾ റിപ്പോർട്ടുചെയ്തു.
Content Highlights: Pakistan Army Police