ലഹോർ: ബാലാകോട്ട് ഭീകരക്യാമ്പ് ആക്രമണത്തിനുപിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പാകിസ്താൻ മേയ് 30 വരെ നീട്ടി. പ്രതിരോധ-വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ചചേർന്ന യോഗത്തിൽ വ്യോമപാത ഉടൻ തുറക്കേണ്ടെന്ന തീരുമാനമെടുത്തതായി മുതിർന്ന സർക്കാർവക്താവ് വ്യക്തമാക്കി. വിലക്ക് നീക്കുന്നത് സംബന്ധിച്ച് മേയ് 30-ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് പൂർണമാകുന്നതുവരെ വ്യോമപാത തുറക്കാനുള്ള സാധ്യതയില്ലെന്ന് പാക് വിവരസാങ്കേതികമന്ത്രി ഫവാദ് ചൗധരി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ഇന്ത്യ-പാക് ബന്ധത്തിൽ മാറ്റമുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ബാലാകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്താൻ തങ്ങളുടെ വ്യോമപാത പൂർണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്‍ലാൻഡ്, മലേഷ്യ എന്നിവയ്ക്കൊഴികെ മറ്റുരാജ്യങ്ങൾക്കുള്ള വിലക്ക് മാർച്ച് 27-ന് നീക്കിയിരുന്നു.

content highlights: Pakistan airspace will be shut till 30