ഇസ്‍ലാമാബാദ്: പാകിസ്താന്റെ മുൻ പ്രസിഡൻറും സൈനികമേധാവിയുമായിരുന്ന ജനറൽ പർവേസ് മുഷറഫിന്റെ തിരിച്ചറിയൽ കാർഡും പാസ്‍പോർട്ടും റദ്ദാക്കാൻ നീക്കം. ഇതുസംബന്ധിച്ച നിർദേശം സർക്കാർ ആഭ്യന്തരമന്ത്രാലയത്തിന് നൽകിയതായി പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിട്ടുള്ള മുഷറഫ് കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് പ്രത്യേക കോടതി ഇദ്ദേഹത്തിന്റെ യാത്രാരേഖകൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നീക്കം.

നാഷണൽ ഡേറ്റാ ബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി, ഇമിഗ്രേഷൻ ആൻഡ് പാസ്‍പോർട്ട് ഡയറക്ടറേറ്റ് എന്നിവയെയാണ് രേഖകൾ റദ്ദാക്കാൻ ചുമതലപ്പെടുത്തിയതെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ടുചെയ്തു. രേഖകൾ റദ്ദാക്കിയാൽ മുഷറഫിന് വിദേശയാത്രകളോ ബാങ്ക് ഇടപാടുകളോ നടത്താനാവില്ല.

2007-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിലാണ് മുഷറഫിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ അറസ്റ്റുചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും മാർച്ചിൽ പ്രത്യേകകോടതി ഉത്തരവിട്ടിരുന്നു.