വാഷിങ്ടൺ: ആണവവിഷയത്തിൽ യു.എസിന് ഇന്ത്യയോടും പാകിസ്താനോടും രണ്ട് സമീപനമാണെന്ന് പാക് മുൻപ്രസിഡന്റ് പർവെസ് മുഷറഫ്. സൗകര്യം കിട്ടുമ്പോഴൊക്കെ യു.എസ്. പാകിസ്താനെ കൈവിടും. ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടും സ്വീകരിക്കും.

അണ്വായുധങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യയോട് ആരും ആവശ്യപ്പെടില്ല. ഇന്ത്യ ഉയർത്തുന്ന ആണവഭീഷണിയെ ആരും ചോദ്യംചെയ്യുകയുമില്ല. ഇന്ത്യ നിഷേധിക്കാനാവാത്ത ഭീഷണിയായി തുടരുന്നതുകൊണ്ടാണ് പാകിസ്താന് ആണവരാഷ്ട്രമായി മാറേണ്ടിവന്നത് -വോയ്സ് ഓഫ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ മുഷറഫ് പറഞ്ഞു.

താൻ പാക് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും പാകിസ്താനും സമാധാനത്തിന്റെ വഴികൾ തേടിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനചർച്ചകളുടെ വക്താവല്ല. അധികാരത്തിലുണ്ടായിരുന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്്‍പേയിയോടും മൻമോഹൻ സിങ്ങിനോടും സംസാരിച്ചിട്ടുണ്ട്. ഇരുരാജ്യവും തമ്മിലുള്ള അഭിപ്രായഭിന്നതയിൽനിന്ന് മുന്നോട്ടുപോകാൻ ഇരുവരും താത്‌പര്യപ്പെട്ടിരുന്നു -മുഷറഫ് പറഞ്ഞു.