ഇസ്ലാമാബാദ്: പാക് പഞ്ചാബ് പ്രവിശ്യയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ പുകശല്യത്തിന് കാരണം ഇന്ത്യയിലെ കര്‍ഷകരെന്ന് ആരോപണം. പഞ്ചാബ് പ്രവിശ്യ പരിസ്ഥിതിവകുപ്പ് മന്ത്രി സാകിയ ഷാ നവാസ് ഖാന്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണമുന്നയിച്ചത്.

പ്രവിശ്യയിലെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയായി പ്രവിശ്യ പുകയില്‍ മുങ്ങിയിരിക്കുകയാണെന്നും വരും ആഴ്ചകളിലും ഈ സ്ഥിതി തുടരാനിടയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ കച്ചിക്ക് തീയിടുന്നതുകൊണ്ടാണിത്. പുക മണിക്കൂറില്‍ ഏഴ്-എട്ട് കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. പ്രവിശ്യാതലസ്ഥാനമായ ലാഹോറിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാര തോത് 357 പോയന്റാണ്. നൂറു പോയന്റാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇത് 500 പോയന്റ് എത്തുമെന്ന ആശങ്കയുണ്ട് -പാക് പരിസ്ഥിതിവകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ക്കുപുറമേ, വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറയുന്നു. മേഖലയിലെ വ്യോമഗതാഗതത്തിനും തിരിച്ചടി നേരിടുന്നുണ്ട്.

കച്ചിക്ക് തീയിടുന്നതിന് പഞ്ചാബ് പ്രവിശ്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമം ലംഘിച്ച 65 പേര്‍ അറസ്റ്റിലായതായും അധികൃതര്‍ വ്യക്തമാക്കി.