ഇസ്‌ലാമാബാദ്: പാകിസ്താൻ പാർലമെന്റിൽ ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം. 342 അംഗങ്ങളുള്ള പാകിസ്താൻ പാർലമെന്റിൽ 178 വോട്ടുനേടിയാണ് ഇമ്രാൻ അധികാരം നിലനിർത്തിയത്.

പ്രധാന പ്രതിപക്ഷകക്ഷികളായ പാകിസ്താൻ മുസ്‌ലിം ലീഗും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി ഭരണ പ്രതിപക്ഷ പാർട്ടിപ്രവർത്തകർ പാർലമെന്റിന് പുറത്ത് ഏറ്റുമുട്ടി.

ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷ സ്ഥാനാർഥി യൂസഫ് റാസ ഗിലാനിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഇമ്രാന് അധികാരത്തിൽ തുടരാൻ അവകാശം നഷ്ടമായെന്നാരോപിച്ച് പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയതിനെത്തുടർന്നാണ് വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്.