ലണ്ടൻ: ഓക്സ്‌ഫഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ ആഗോളതലത്തിൽ പുതിയ പരീക്ഷണം നടത്തും. ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്സിൻ സ്വീകരിച്ച 70 ശതമാനം പേരിൽ മരുന്ന് ഫലപ്രദമാണെന്ന വാർത്തകൾ വന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ പരീക്ഷണംനടത്തുമെന്ന് കമ്പനി അറയിച്ചത്. അതേസമയം, ആദ്യ പരീക്ഷണങ്ങൾ ശരിയായ രീതിയിലല്ല നടന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നുമുള്ള ആരോപണങ്ങൾ ഓക്സ്‌ഫഡ് അധ്യാപകനും ബ്രിട്ടീഷ് സർക്കാരിന്റെ ജീവശാസ്ത്ര ഉപദേശകനുമായ ജോൺ ബെൽ നിഷേധിച്ചു.
തങ്ങൾ ഒന്നും കെട്ടിച്ചമച്ചിട്ടില്ലെന്നും പരീക്ഷണത്തിന്റെ പൂർണ വിവരങ്ങൾ ലാൻസെറ്റ് ജേണലിൽ വരുന്ന വാരാന്ത്യം തന്നെ പ്രസിദ്ധീകരിക്കുമെന്നും ബെൽ വ്യക്തമാക്കി. ബ്രിട്ടനിൽ മരുന്നുകൾക്ക് അനുമതി നൽകുന്ന നിയന്ത്രണ ഏജൻസിയായ എം.എച്ച്.ആർ.എ.യോട് വാക്സിന് അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഫൈസറിനും മോഡേണയ്ക്കും ശേഷം ഓക്സ്‌ഫഡ്-ആസ്ട്ര സെനേക്ക വാക്‌സിൻ തയ്യാറായതായ റിപ്പോർട്ടുകൾ വന്നതിനുശേഷവും ആസ്ട്ര സെനേക്കയുടെ ഓഹരിമൂല്യം ഇടിയുകയാണുണ്ടായത്. അമേരിക്കയിൽ വാക്സിന് ഒരിക്കലും അനുമതി ലഭിക്കില്ലെന്നും പരീക്ഷണഫലം പരിഷ്കരിക്കാൻ കമ്പനി ശ്രമിച്ചെന്നും വാർത്തകളുണ്ടായിരുന്നു.
ബ്രസീലിലും യു.കെ.യിലും വാക്സിൻ സ്വീകരിച്ച 62 ശതമാനം പേരിൽ മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഒപ്പംതന്നെ, കുറഞ്ഞ ഡോസ് വാക്സിൻ നൽകിയ ബ്രിട്ടണിലെ 3000 പേരിൽ 90 ശതമാനം പേരിൽ ഫലപ്രദമാണെന്ന റിപ്പോർട്ടും വന്നു. ഇവരിൽ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഇല്ലായിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, ചെറിയ ഡോസ് സ്വീകരിച്ചവരിൽ എന്തുകൊണ്ട് 90 ശതമാനം പേരിൽ ഫലപ്രദമായി എന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ കമ്പനിക്കായിട്ടില്ല.
Content Highlights: Oxford vaccine to undergo new global trial