കാണ്ഡഹാർ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ പ്രവിശ്യയിൽ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ നൂറിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള അക്രമണം ശക്തമായ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിലാണ് സംഭവം. താലിബാനാണ് അക്രമം നടത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം ആരോപിച്ചു.

“പാകിസ്താന്റെ നിർദേശമനുസരിച്ച് താലിബാൻ ഭീകരർ നിരപരാധികളായ അഫ്ഗാനികളുടെ വീടുകൾ കൊള്ളയടിച്ചശേഷം നൂറിലേറെ പേരെ രക്തസാക്ഷികളാക്കി”- ആഭ്യന്തരമന്ത്രാലയ വക്താവ് മിർവായിസ് സ്റ്റാനെക്സായി പറഞ്ഞു. “ക്രൂരനായ ശത്രുവിന്റെ യഥാർഥ മുഖമാണ് സംഭവത്തിലൂടെ പുറത്തു വന്നതെന്നും” അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ താലിബാൻ നിഷേധിച്ചു.

നേരത്തേ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയിലെ ചെക്പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. പിന്നാലെ താലിബാൻ ഭീകരർ പട്ടണത്തിലെ വീടുകൾ കൊള്ളയടിക്കുന്നതിന്റെയും പ്രദേശം വിട്ടോടിപ്പോയ സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തട്ടിയെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ‘ഫ്രാൻസ് 24’ പുറത്തുവിട്ടിരുന്നു. ബക്രീദ് ആഘോഷങ്ങൾക്കിടെ കാണ്ഡഹാർ പ്രവിശ്യാ ഭരണസമിതി അംഗത്തിന്റെ രണ്ടു മക്കളെ അജ്ഞാതനായ അക്രമി വെടിവെച്ചു കൊന്നിരുന്നു.