ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്സ്, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ രണ്ടു വിമാനങ്ങളിലായെത്തിയ 13 യാത്രക്കാരിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലും ബെൽജിയത്തിലും നേരത്തേ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഓസ്ട്രേലിയയിൽ വിദേശത്തുനിന്നെത്തിയ രണ്ടുപേരിലും ചെക് റിപ്പബ്ലിക്കിൽ ഒരാളിലും രോഗം കണ്ടെത്തി. ഇസ്രയേൽ, ഹോങ് കോങ് എന്നിവയാണ് മറ്റുള്ളവ. യു.എസിൽ ഒമിക്രോൺ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിനകംതന്നെ വൈറസ് രാജ്യത്തെത്തിയിട്ടുണ്ടാവാമെന്ന് അണുരോഗവിദഗ്ധൻ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു. വൈറസ് വൈകാതെ ലോകത്തിന്റെ എല്ലാഭാഗത്തും എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പുതിയ സാഹചര്യത്തിൽ ചൊവ്വാഴ്ചമുതൽ ബ്രിട്ടനിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധനയും പുനഃസ്ഥാപിച്ചു.