ആംസ്റ്റർഡാം: കോവിഡിന്റെ ഒമിക്രോൺ വകഭേദം കരുതിയിരുന്നതിലും നേരത്തേ യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിലെത്തിയിരുന്നതായി റിപ്പോർട്ട്. നവംബർ 19-നും 23-നുമിടയിൽ രാജ്യത്തുനിന്ന് ശേഖരിച്ച സാംപിളുകളിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇരുവരും ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നോയെന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിൽനിന്ന് ഞായറാഴ്ച രാജ്യത്തെത്തിയ 13 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതാണ് രാജ്യത്തെ ആദ്യ കേസുകളെന്നാണ് ഇതുവരെ കരുതിയിരുന്നത്.

നവംബർ 24-നാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കണ്ടെത്തുന്നത്. നവംബർ ഒൻപതിന് ശേഖരിച്ച സാംപിളിൽനിന്നായിരുന്നു ഇത്. അതേസമയം, ചൊവ്വാഴ്ച ജപ്പാനിലും ഫ്രാൻസിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോണിന് വ്യാപനശേഷി കൂടുതലുണ്ടായേക്കുമെന്ന് നേരത്തേ വിദഗ്ധർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പേരിൽ പരിശോധന നടക്കുന്നുണ്ട്.