മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഇതു സംബന്ധിച്ച മന്ത്രിസഭാ കൗൺസിലിന്റെ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. നിയമവശങ്ങൾ പൂർണമായും പരിശോധിച്ചശേഷമാകും ഇവ നടപ്പാക്കുക.
നേരത്തേ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അധികൃതരും മെഡിക്കൽ ഇൻഷുറൻസിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻഷുറൻസ് നിർബന്ധമാക്കിയുള്ള ഉത്തരവില്ലെന്ന കാരണത്താൽ പല കമ്പനികളും ഇത് നടപ്പാക്കിയില്ല. പുതിയ സാഹചര്യത്തിൽ എല്ലാതരം ജീവനക്കാർക്കും കമ്പനികൾ മെഡിക്കൽ പരിരക്ഷ ഏർപ്പെടുത്തേണ്ടി വരും.
ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്ന നിർദേശം ഉടൻ കമ്പനികൾക്ക് കൈമാറും. ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കിയിരുന്നു. ഇതിന്റെ തുടർനടപടികളാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ കീഴിൽ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി മുഹമ്മദ് ബിൻ ഉബൈദ് അൽ സഈദി പറഞ്ഞു.