വാഷിങ്ടൺ: വാഷിങ്ടണിലെ കുട്ടികളുടെ നാഷണൽ ആശുപത്രിയിൽ ബുധനാഴ്ച ക്രിസ്‌മസ് അപ്പൂപ്പന്റെ തൊപ്പിയും തോളിൽ ഒരു ചാക്കുനിറയെ സമ്മാനങ്ങളുമായെത്തിയ അതിഥിയെക്കണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും ആദ്യം അമ്പരന്നു. അത് അവരുടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു.

ആശുപത്രി സന്ദർശിക്കുന്ന വീഡിയോ ഒബാമ തന്നെയാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിൽ പങ്കുവെച്ചത്. ആശുപത്രിജീവനക്കാർ സന്തോഷത്തോടെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പവും ചെലവിടാൻ കിട്ടിയ അവസരമെന്നാണ് ഒബാമ ഇതേക്കുറിച്ച് പറഞ്ഞത്.

ആശുപത്രിജീവനക്കാർക്ക് ഒബാമ നന്ദിപറഞ്ഞു. രണ്ടു പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ. കുട്ടികളെ പരിചരിക്കുന്ന നഴ്‌സുമാരെയും ഡോക്ടർമാരെയും മറ്റ്‌ ഉദ്യോഗസ്ഥരെയും ആ സാഹചര്യത്തിൽ സങ്കൽപ്പിക്കാൻ മാത്രമേ തനിക്ക്‌ കഴിയുന്നുള്ളൂവെന്നും പറഞ്ഞു. വാഷിങ്ടണിലെ ബോയ്‌സ് ആൻഡ് ഗേൾസ് സ്‌കൂളിൽ കഴിഞ്ഞവർഷവും ഒബാമ ഇതേരീതിയിൽ സന്ദർശനം നടത്തിയിരുന്നു.

Content Highlights: obama's christmas surprise