പാരീസ്: ഫ്രാൻസിലെ എട്ടരനൂറ്റാണ്ടു പഴക്കമുള്ള വിഖ്യാത നോത്രദാം കത്തീഡ്രൽ അഗ്നിക്കിരയായി. മധ്യപാരീസിലെ ഐൽഡേലാ സൈറ്റിൽ പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കത്തീഡ്രലിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അഗ്നിബാധയുണ്ടായത്.

മേൽക്കൂരയിലെ മരത്തടികളിലൂടെ തീ വളരെ വേഗം പടർന്നുപിടിക്കുകയായിരുന്നെന്നും കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. സംഭവസമയം, കത്തീഡ്രലിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.

400-ലേറെ അഗ്നിരക്ഷാസേനക്കാർ യന്ത്രങ്ങളുടെ സഹായത്തോടെ 15 മണിക്കൂർനീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് തീയണച്ചത്. നോത്രദാമിന്റെ പ്രധാനഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കത്തീഡ്രൽ പുനർനിർമിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ അറിയിച്ചു. കത്തീഡ്രലിലുണ്ടായിരുന്ന കരകൗശലവസ്തുക്കൾ തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെതന്നെ എടുത്തുമാറ്റിയിരുന്നു.