സോൾ: ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. ദക്ഷിണകൊറിയയ്ക്കെതിരേ നടപടിക്ക് സൈന്യം തയ്യാറെടുത്തുകഴിഞ്ഞതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ പ്രസ്താവനയ്ക്കുപിന്നാലെ ഇരുരാജ്യങ്ങളുടെയും സംയുക്ത ലെയ്സൺ ഓഫീസ് ഉത്തരകൊറിയ സ്ഫോടനത്തിലൂടെ തകർത്തു. അതിർത്തിയിലെ കീസോങ്ങിലെ ഓഫീസാണ് ചരിത്രമാക്കിയത്.

കൊറിയകൾ തമ്മിൽ ആശയവിനിമയം നടത്താൻ 2018-ലാണ് സംയുക്ത ഓഫീസ് തുറന്നത്. രണ്ടുരാജ്യങ്ങളും 20 ഉദ്യോഗസ്ഥരെ വീതമാണ് ഇവിടെ നിയമിക്കുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്ന് ജനുവരിമുതൽ ഓഫീസ് പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പുതന്നെ ഉത്തരകൊറിയ ഓഫീസിന്റെ പ്രവർത്തനങ്ങളിൽനിന്ന് ഭാഗികമായി പിന്മാറുകയുംചെയ്തിരുന്നു.

സമാധാനത്തിനുള്ള വഴിയടയുന്നു -ദക്ഷിണകൊറിയ

സോൾ: ചൊവ്വാഴ്ച പ്രാദേശികസമയം മൂന്നുമണിയോടെയായിരുന്നു അതിർത്തിയിലെ ലെയ്സൺ ഓഫീസ് ഉത്തരകൊറിയ സ്ഫോടനത്തിൽ തകർത്തതെന്ന് ദക്ഷിണകൊറിയ പറഞ്ഞു. സ്ഥിതിഗതികൾ ഉത്തരകൊറിയ വഷളാക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഉത്തരകൊറിയയുടെ പ്രകോപനത്തിൽ യു.എസ്. പ്രതികരിച്ചില്ല.

കൊറിയൻമുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴിയാണ് സ്ഫോടനത്തിലൂടെ ഉത്തരകൊറിയ അടച്ചത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുകൊറിയകളുടെയും അതിർത്തിയിൽവെച്ച് കിം ജോങ് ഉന്നുമായി ചർച്ചനടത്തിയപ്പോൾ സമാധാനം തിരിച്ചുവരുന്നതിന്റെ സൂചനകളുമുണ്ടായി. എന്നാൽ, ഒന്നും അന്തിമഫലം കണ്ടില്ല. ഇരുകൊറിയകളും കൂടുതൽ അടുക്കാനുള്ള അവസരമില്ലാതായെന്നും എല്ലാത്തിന്റെയും ഉത്തരവാദിത്വം ഉത്തരകൊറിയയ്ക്കാണെന്നും ദക്ഷിണകൊറിയ ആരോപിച്ചു.

ആഴ്ചകളായി രണ്ടുകൊറിയകൾക്കുമിടയിൽ സംഘർഷം വർധിക്കുകയാണ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനും സഹോദരി കിം യോ ജോങ്ങിനുമെതിരേ ദക്ഷിണകൊറിയ അനാവശ്യപ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് പ്രധാന ആരോപണം. അടുത്ത രാഷ്ട്രമേധാവിയായാണ് കിം യോ ജോങ്ങിനെ ഉത്തരകൊറിയക്കാർ കാണുന്നത്. ഇരുവർക്കുമെതിരേ അതിർത്തിയിലേക്ക് ബലൂണിൽ ലഘുലേഖകൾ പറത്തിവിടുന്നതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ, കിം ജോങ് ഉന്നിന്റെ ഏകാധിപത്യഭരണം, പൗരാവകാശലംഘനം എന്നിവയ്ക്കുനേരെ കടുത്ത വിമർശനങ്ങളാണ് ലഘുലേഖകളിലുള്ളത്. ഇതേത്തുടർന്നാണ് ദക്ഷിണകൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയമായെന്നും ശത്രുവിനെതിരേ നടപടിക്ക് സൈന്യത്തിന് നിർദേശം നൽകിക്കഴിഞ്ഞതായും കിം യോ ജോങ് ശനിയാഴ്ച മുന്നറിയിപ്പുനൽകിയത്.

Content Highlights: North Korea- South Korea conflict