സോൾ: അന്താരാഷ്ട്രസമ്മർദങ്ങൾ അവഗണിച്ച് ഉത്തരകൊറിയ മിസൈൽ പരീക്ഷണം തുടരുന്നു. ആദ്യമായി ട്രെയിനിൽനിന്ന്‌ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു.

പർവതങ്ങൾ നിറഞ്ഞ മധ്യമേഖലകളിലായിരുന്നു പരീക്ഷണം. 800 കിലോമീറ്റർ അകലെയുള്ള സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്ത് മിസൈലുകൾ പതിച്ചതായും സർക്കാർ ഉടമസ്ഥതയിലുള്ള കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പറഞ്ഞു.

വനത്തിനുള്ളിലെ ട്രാക്കിലൂടെ നീങ്ങുന്ന ട്രെയിനിൽനിന്ന്‌ രണ്ടു മിസൈലുകൾ കുതിച്ചുയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ തന്ത്രപരമായ രൂപകല്പനയാണ് പരീക്ഷണങ്ങളെന്ന് ഉത്തരകൊറിയയിലെ മിസൈൽ വികസനത്തിന് നേതൃത്വം നൽകുന്ന പാക് ജോങ് ചോൻ പറഞ്ഞു.

ബുധനാഴ്ച ഉത്തരകൊറിയ രണ്ടു ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. പിന്നാലെ ആദ്യത്തെ ആഴക്കടൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ദക്ഷിണകൊറിയ മറുപടി നൽകി. ദിവസങ്ങൾക്കുമുമ്പ് ദീർഘദൂര ക്രൂസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായും ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.

Content Highlights: North Korea says it tested rail-launched ballistic missiles