സോള്‍: ആണവായുധം വെടിയുന്നതിനെക്കുറിച്ച് യു.എസുമായി ചര്‍ച്ചയാകാമെന്ന ഉത്തരകൊറിയയുടെ നിലപാട് കൊറിയന്‍മുനമ്പിലെ സമാധാനത്തിന് പുതുപ്രതീക്ഷ നല്‍കുന്നു. ഉത്തരകൊറിയയുടെ വാഗ്ദാനം ഉയര്‍ത്തുന്നത് ഇനിയെന്ത് എന്ന ചോദ്യമാണ്; ഉത്തരകൊറിയയെ അണ്വായുധമുക്തമാക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ മുന്‍പുനടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദമല്ല, ദക്ഷിണകൊറിയ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ഇപ്പോഴത്തെ ചര്‍ച്ചാസന്നദ്ധത. ഇക്കാര്യം ദക്ഷിണകൊറിയ യു.എസിനെ അറിയിക്കും. ഉത്തരകൊറിയയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ ദക്ഷിണകൊറിയയുടെ രണ്ട് ഉന്നതതോദ്യോഗസ്ഥര്‍ യു.എസിലേക്ക് പോകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് യുയി-യോങ്ങും രഹസ്യാന്വേഷണവിഭാഗം തലവന്‍ സു ഹൂണുമാണ് വ്യാഴാഴ്ച വാഷിങ്ടണിലേക്ക് പോകുന്നത്. യു.എസിന് കൈമാറാന്‍ ഉത്തരകൊറിയയുടെ പ്രത്യേകസന്ദേശമുണ്ടെന്ന് ചുങ് വാര്‍ത്താലേഖകരോട് പറഞ്ഞു.

ശൈത്യകാല ഒളിമ്പിക്‌സോടെയാണ് ഇരുകൊറിയകളും തമ്മില്‍ അടുത്തത്. ഈ അടുപ്പം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. രണ്ടുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ തമ്മില്‍ വൈകാതെ കൂടിക്കാഴ്ചയുണ്ടാവും. ദക്ഷിണകൊറിയയിലെ പാന്‍മുന്‍ജോമില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്നത് 1950-'53ലെ കൊറിയന്‍ യുദ്ധത്തിനുശേഷം രണ്ടുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ചര്‍ച്ചയാണ്.

ഉത്തരകൊറിയയെ ചര്‍ച്ചാമേശയില്‍ എത്തിക്കാന്‍ ദക്ഷിണകൊറിയ എന്തെല്ലാം ഇളവുകളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ല. സുരക്ഷാ ഉറപ്പുകളും സൈനികഭീഷണി ഒഴിവാക്കലുമെല്ലാം ഇതില്‍ പ്രധാനമാണ്. ദക്ഷിണകൊറിയയില്‍ താവളമടിച്ചിട്ടുള്ള യു.എസ്.സേനയുടെ പിന്മാറ്റം മുന്‍പ് ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. യു.എസും ദക്ഷിണകൊറിയയുമായുള്ള സുരക്ഷാസഖ്യം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ദക്ഷിണകൊറിയ എന്തെങ്കിലും ഉറപ്പുനല്‍കിയിട്ടുണ്ടോയെന്ന് അറിയില്ല.

സംയുക്ത സൈനികാഭ്യാസവുമായി മുന്നോട്ടുപോകുമെന്ന് ദക്ഷിണകൊറിയയും യു.എസും വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 18-ന് പാരാലിമ്പിക്‌സ് കഴിഞ്ഞാലുടന്‍ ഇതുണ്ടാവും. ഇതേസമയത്തുതന്നെയാണ് ഇരുകൊറിയകളും തമ്മിലുള്ള ഉച്ചകോടി. സാധാരണ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആണ് സംയുക്തസൈനികാഭ്യാസം നടക്കാറ്. ശൈത്യകാല ഒളിമ്പികിസില്‍ ഉത്തരകൊറിയയെ പങ്കെടുപ്പിക്കാനായി ദക്ഷിണകൊറിയ മുന്‍കൈയെടുത്ത് ഇത്തവണത്തെ അഭ്യാസം മാറ്റിവെപ്പിക്കുകയായിരുന്നു. സൈനികാഭ്യാസത്തിന്റെ സമയത്താണ് ഉത്തരകൊറിയ ആക്രമണങ്ങളും ആയുധപരീക്ഷണവും ശക്തമാക്കാറ്.

ആണവായുധം നിര്‍മിക്കുകയെന്നത് ഉത്തരകൊറിയയുടെ രാഷ്ട്രീയവ്യക്തിത്വത്തിന്റെ അടിസ്ഥാനമായി പ്രഖ്യാപിച്ചയാളാണ് ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്‍. പുതുവര്‍ഷത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ ഈ ലക്ഷ്യം സാക്ഷാത്കരിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ആറാമത്തെ ആണവപരീക്ഷണം അവര്‍ നടത്തിരുന്നു. യു.എസിലെത്താന്‍ ശേഷിയുള്ള മിസൈലും പരീക്ഷിക്കുകയുണ്ടായി.