സോള്‍: ഉത്തര കൊറിയയുമായുള്ള സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ദക്ഷിണ കൊറിയ. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള പന്‍മുന്‍ജോം ഗ്രാമത്തില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ഉത്തര കൊറിയയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദേശം. ഇവിടെവെച്ചുതന്നെ ഓഗസ്റ്റ് ഒന്നിന് മറ്റൊരു ചര്‍ച്ച നടത്താന്‍ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസും നിര്‍ദേശം വെച്ചിട്ടുണ്ട്.

ഉത്തര കൊറിയയില്‍ നിന്ന് അനുകൂല മറുപടിയുണ്ടായാല്‍ 2015 ഡിസംബറിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. കൊറിയന്‍ മുനമ്പില്‍ സമാധാനം കാംക്ഷിക്കുന്ന പ്രസിഡന്റ് മുന്‍ ജേ ഇന്‍ അധികാരത്തിലേറിയ ശേഷം ദക്ഷിണ കൊറിയ മുന്നോട്ടുവെക്കുന്ന ആദ്യ സമാധാന ചര്‍ച്ചയാണിത്.

അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന പ്രവൃത്തികളെല്ലാം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചര്‍ച്ചയ്ക്ക് നിര്‍ദേശം വെച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 1950-'53 കാലത്തെ കൊറിയന്‍ യുദ്ധത്തില്‍ ഇരുരാജ്യങ്ങളിലുമായി ഭിന്നിച്ചുപോയവരുടെ പുനഃസമാഗമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റെഡ് ക്രോസ് നിര്‍ദിഷ്ട യോഗം ചേരുന്നത്. ലക്ഷക്കണക്കിനാളുകളാണ് അന്ന് ഇരുരാജ്യങ്ങളിലുമായി ഭിന്നിക്കപ്പെട്ടുപോയത്.