വാഷിങ്ടൺ: യു.എസിൽ പ്രഥമ സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത് തണുത്ത സ്വീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഇമ്രാൻ ഖാനെ അമ്പരപ്പിക്കുന്നതായിരുന്നു യു.എസിന്റെ ഭാഗത്തുനിന്നുള്ള നടപടി.

വിദേശരാഷ്ട്രത്തലവന്മാർ എത്തുമ്പോൾ സാധാരണ ആതിഥേയരാജ്യത്തെ സർക്കാർ പ്രതിനിധി സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താറുണ്ട്. ഇവിടെ ഇമ്രാനെ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. അമേരിക്കയിലെ ഒട്ടേറെ പാക് വംശജർ വിമാനത്താവളത്തിനുപുറത്ത് കാത്തുനിന്നിരുന്നു.

രാജ്യംനേരിടുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേസ് വിമാനത്തിലായിരുന്നു ഇമ്രാൻ യു.എസിലെത്തിയത്. മൂന്നുദിവസത്തെ സന്ദർശനവേളയിൽ പാക് സ്ഥാനപതി മജീദ് ഖാന്റെ ഔദ്യോഗികവസതിയിലാണ് ഇമ്രാൻ ഖാൻ താമസിക്കുക.

യു.എസ്. വിമാനത്താവളത്തിൽ പാക് പ്രധാനമന്ത്രി നേരിടേണ്ടിവന്ന അവഗണന ഓൺലൈൻ മാധ്യമങ്ങളിൽ പരിഹാസത്തിന് കാരണമായി. നേരത്തേ 2012-ലാണ് ഇമ്രാൻ ഖാൻ യു.എസ്. സന്ദർശിച്ചിരുന്നത്. അന്ന് ടൊറന്റോ വിമാനത്തവളത്തിൽ അധികൃതർ തടഞ്ഞുവെച്ചത് വലിയ വാർത്തയായിരുന്നു. മുമ്പ് പ്രധാനമന്ത്രി നവാസ് ഷരീഫ് 2015-ഒക്ടോബറിൽ യു.എസ്. സന്ദർശിച്ചിരുന്നു.

തിങ്കളാഴ്ചയാണ് വൈറ്റ്ഹൗസിൽ ഇമ്രാൻ ഖാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്. ഭീകരതയ്ക്കെതിരേ പാകിസ്താൻ അടുത്തിടെ കൈക്കൊണ്ട നടപടികൾ ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉഭയകക്ഷിബന്ധം ശക്തമാക്കാനാവും ഇമ്രാൻ ഖാൻ ശ്രമിക്കുക. ഐ.എം.എഫ്. മേധാവി ഡേവിഡ് ലിപ്ടൺ, ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ്, യു.എസ്. വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ എന്നിവരെയും ഇമ്രാൻ ഖാൻ കാണും.

പാക് സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, ഐ.എസ്.ഐ. മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസ്സാക് ദാവൂദ് എന്നിവരാണ് ഇമ്രാൻ ഖാനൊപ്പമുള്ളത്. ഇതാദ്യമായാണ് പാക് സൈനികമേധാവിയും ഐ.എസ്.ഐ. മേധാവിയും പാക് പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്.

അതിനിടെ, പാക് പ്രധാനമന്ത്രിയുടെ യു.എസ്. സന്ദർശനത്തിനെതിരേ ബലൂചിസ്താനികളും സിന്ധികളും മൊഹാജിറുകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി വൈറ്റ്ഹൗസിനുമുന്നിൽ പ്രതിഷേധത്തിനും ഒരുക്കം നടക്കുന്നുണ്ട്.

content highlights: imran khan america visit