ന്യൂയോർക്ക്: മൻമോഹൻസിങ് പ്രധാനമന്ത്രിയും രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന കാലഘട്ടമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശംസമയമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ദുരിതം അനുഭവിക്കുന്ന ബാങ്കുകൾക്കു ജീവൻരക്ഷാമാർഗങ്ങൾ നൽകുകയാണ് തന്റെ പ്രാഥമികദൗത്യമെന്നും അവർ പറഞ്ഞു.
ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയ്ക്കു കീഴിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ ഇന്ത്യൻ സാമ്പത്തികനയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
“സാമ്പത്തികശാസ്ത്രജ്ഞർക്ക് ഇപ്പോഴത്തെയും വർഷങ്ങൾക്കു മുമ്പത്തെയും അവസ്ഥയെ വിലയിരുത്താൻ കഴിയും. രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരുന്നസമയത്തെ പൊതുമേഖലാ ബാങ്കുകളെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾക്കുള്ള ഉത്തരവും എനിക്കുവേണം. ”-മന്ത്രി പറഞ്ഞു.
ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ ഭരണം കേന്ദ്രീകൃതമായിരുന്നുവെന്നും സമ്പദ്‌വ്യവസ്ഥയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ബ്രൗൺ സർവകലാശാലയിൽ ക്ലാസിൽ പങ്കെടുക്കവേ രഘുറാം രാജൻ ആരോപിച്ചിരുന്നു. സാമ്പത്തിക വളർച്ചനേടുന്നതിനു നേതൃത്വത്തിനു സ്ഥിരമായതും വ്യക്തമായതുമായ കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനോട് മന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്.
“ഉറ്റസുഹൃത്തായ നേതാക്കന്മാരുടെ ഫോൺവിളിയുടെ അടിസ്ഥാനത്തിൽമാത്രം വായ്പകൾ നൽകിയിരുന്നത് രാജന്റെ കാലത്താണ്. ആ അഴുക്കിൽനിന്നു കരകയറാൻ പൊതുമേഖലാ ബാങ്കുകൾ ഇപ്പോഴും സർക്കാർ ധനസഹായത്തിനായി കാത്തിരിക്കുകയാണ്”-നിർമല ആരോപിച്ചു. കേന്ദ്രീകൃത നേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് വിമർശിക്കുന്നവരോട് വലിയ ജനാധിപത്യ നേതൃത്വത്തിന്റെ കാലത്ത് നിറയെ അഴിമതിയായിരുന്നുവെന്നാണ് പറയാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടത്തോട് മല്ലിടുന്നതിനിടെ പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലുബാങ്കുകളാക്കുന്നതിനു നടപടികൾ ആരംഭിച്ചതിനു പുറമെ പൊതുമേഖലാ ബാങ്കുകൾക്കു 70,000 കോടി രൂപ ഓഗസ്റ്റിൽ കേന്ദ്രസർക്കാർ അനുവദിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Nirmala Sitaraman, Raghuram Rajan