ലണ്ടൻ: പഞ്ചാബ് നാഷണൽബാങ്കിൽനിന്ന് വായ്പതട്ടിച്ച കേസിലെപ്രതി വജ്രവ്യവസായി നീരവ് മോദിയെ വിട്ടുനൽകിയാൽ ഏതുജയിലിൽ പാർപ്പിക്കുമെന്ന് ഇന്ത്യയോട് ബ്രിട്ടീഷ് കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമറിയിക്കണമെന്നും നീരവിനെ വിട്ടുനൽകാനാവശ്യപ്പെട്ട് ഇന്ത്യനൽകിയ ഹർജിയിൽ വാദംകേൾക്കുന്ന വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി പറഞ്ഞു.

നീരവ് മോദിയുടെ റിമാൻഡ്‌ കാലാവധി ജഡ്ജി എമ്മ ആർബുത്‌നോട്ട് ജൂൺ 27 വരെ നീട്ടി. നീരവ് മോദിക്കെതിരേ പ്രഥമദൃഷ്ട്യായുള്ള കേസുകളുടെ സ്ഥിതിവിവരറിപ്പോർട്ട് നൽകാൻ ഇന്ത്യയ്ക്കുവേണ്ടി ഹാജരാകുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കോടതി ആറാഴ്ച സമയം അനുവദിച്ചു. ജൂൺ 29-ന് കേസിൽ വീണ്ടും വാദം കേൾക്കും.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപ തട്ടിയ കേസിൽ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാൻഡ്സ്‍വർത്ത് ജയിലിൽ തടവിലാണ്. 14 ദിവസത്തിനുള്ളിൽ ജയിൽ ഏതെന്ന് തീരുമാനിക്കുന്നതിൽ തടസ്സമൊന്നുമില്ലെന്നും മുംബൈയിലെ ആർതർറോഡ് ജയിൽ തന്നെയായിരിക്കും നീരവിനുവേണ്ടിയും തിരഞ്ഞെടുക്കുകയെന്ന് തോന്നുന്നുവെന്നും ആർബുത്‌നോട്ട് പറഞ്ഞു.

വായ്‌പതട്ടിച്ച് ബ്രിട്ടനിലേക്കുകടന്ന വിജയ് മല്യയെ ആർതർ റോഡ് ജയിലിൽ പാർപ്പിക്കുമെന്നായിരുന്നു ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നത്. മല്യയെ ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്ന് 2018-ൽ വിധി പറഞ്ഞതും ആർബുത്‌നോട്ടായിരുന്നു. മല്യക്കേസിൽ ആർതർ റോഡ് ജയിലിന്റെ ദൃശ്യങ്ങൾ ഇന്ത്യ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ സമർപ്പിച്ചിരുന്നു.

മറ്റേതെങ്കിലും ജയിലിലാണ് നീരവിനെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കോടതി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ജയിലിൽ മനുഷ്യാവകാശച്ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നേരിട്ട് പരിശോധിക്കണമെന്നും നീരവിന്റെ അഭിഭാഷക ക്ലെയർ മോണ്ട്‌ഗോമെറി ആവശ്യപ്പെട്ടു.

content highlights: Nirav Modi case, UK court asks for confirmation of prison cell in India