ലണ്ടൻ: പഞ്ചാബ് നാഷണൽബാങ്കിൽനിന്ന് 13,000 കോടി രൂപ തട്ടി രാജ്യംവിട്ട വിവാദ വജ്രവ്യവസായി നീരവ് മോദി ജാമ്യത്തിനായി ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ചു. ബ്രിട്ടനിൽ തടവിൽ കഴിയുന്ന നീരവിന്റെ റിമാൻഡ്‌ കാലാവധി ജൂൺ 27 വരെ നീട്ടി വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് നീരവ് ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ ജൂൺ 11-ന് റോയൽ കോർട്സ് ഓഫ് ജസ്റ്റിസിൽ വാദം കേൾക്കുമെന്ന് ഇന്ത്യയ്ക്കായി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സി.പി.എസ്.) പറഞ്ഞു. ലണ്ടനിലെ വാൻഡ്‌വർത്ത് ജയിലിലുള്ള നീരവ് മോദിയുടെ സാഹചര്യം ദുഷ്‍കരമാണെന്നും ജാമ്യംനൽകി വീട്ടുതടങ്കലിൽ പാർപ്പിക്കുന്നതിൽ വിരോധമില്ലെന്നും നീരവിന്റെ വക്താക്കൾ പ്രതികരിച്ചു. ഇലക്‌ട്രോണിക് ടാഗുൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ തുടർന്നാൽ വിചാരണയ്ക്ക് തയ്യാറെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് നീരവിന്റെ അഭിഭാഷക ക്ലെയർ മോണ്ട്‌ഗോമെറി പറഞ്ഞു.

മൂന്നാംതവണയാണ് വെസ്റ്റ്മിൻസ്റ്റർ കോടതി നീരവിന് ജാമ്യം നിഷേധിച്ചത്. വിട്ടുനൽകിയാൽ നീരവിനെ ഏത് ജയിലിൽ പാർപ്പിക്കുമെന്ന് കോടതിയെ അറിയിക്കാൻ ജഡ്ജി എമ്മ ആർബുത്‌നോട്ട് ഇന്ത്യയ്ക്ക് രണ്ടാഴ്ചയാണ് സമയം അനുവദിച്ചിട്ടുള്ളത്.

Content Highlights: Nirav Modi, British court