ലണ്ടൻ: വിവാദ വജ്രവ്യവസായി നീരവ് മോദിക്ക്‌ ബ്രിട്ടീഷ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന നീരവ് മോദി ഇപ്പോൾ ലണ്ടനിൽ തടവിലാണ്. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസാണ് ചൊവ്വാഴ്ച നീരവിന് ജാമ്യം നിഷേധിച്ചത്. ഇത് നാലാംതവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി തള്ളുന്നത്.

നീരവിന് ജാമ്യം നിഷേധിച്ച വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ വിധി ചോദ്യംചെയ്ത് നൽകിയ ഹർജിയാണ് തള്ളിയത്. ജാമ്യം നൽകിയാൽ താൻ രാജ്യംവിടില്ലെന്ന് ബോധ്യപ്പെടുത്താൻ നീരവിനായില്ലെന്ന് റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ഇൻഗ്രിഡ് സിംലെർ പറഞ്ഞു. മാത്രമല്ല, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നീരവ് ശ്രമിക്കുമെന്ന് ബോധ്യപ്പെട്ടു. ഇന്ത്യൻ അന്വേഷണ ഏജൻസികളിൽനിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി നീരവിന് ഒളിച്ചുതാമസിക്കാനുള്ള ഒട്ടേറെയിടങ്ങൾ ലോകത്തുണ്ടെന്നും അദ്ദേഹം ബ്രിട്ടൻ വിടാൻ ശ്രമിക്കില്ലെന്ന നീരവിന്റെ അഭിഭാഷകരുടെ വാദത്തിന് മറുപടിയായി ജഡ്ജി പറഞ്ഞു.

നേരത്തേ ജൂൺ 27 വരെ നീരവിനെ റിമാൻ‍ഡിൽ വിട്ട് വെസ്റ്റ് മിൻസ്റ്റർ കോടതി ഉത്തരവിറക്കിയിരുന്നു. ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവിനെ പാർപ്പിച്ചിട്ടുള്ളത്.

Content highlights: Nirav Modi, PNB scam