അബുജ: സാമൂഹിക മാധ്യമമായ ട്വിറ്ററിന് നൈജീരിയയിൽ വിലക്ക്. പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്ററിനെ എന്നെന്നേക്കുമായി വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. രാജ്യത്തിന്റെ കോർപ്പറേറ്റ് പ്രതിച്ഛായ തകർക്കുന്ന പ്രവർത്തനങ്ങൾക്കായി മാധ്യമം നിരന്തരമായി ഉപയോഗിക്കപ്പെടുന്നതിനാലാണ് വിലക്കുന്നതെന്ന് വാർത്താ, സാംസ്കാരിക മന്ത്രാലയ വക്താവ് സെഗുൺ അഥെയെമി ശനിയാഴ്ച പറഞ്ഞു.

ട്വിറ്ററിനെ വിലക്കാനുള്ള സർക്കാർ നിർദേശം ലഭിച്ചതായി രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർമാരുടെ സംഘടന സ്ഥിരീകരിച്ചു. തീരുമാനത്തെ ആംനെസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ നാലു പതിറ്റാണ്ടുമുമ്പ് നടന്ന ആഭ്യന്തര യുദ്ധത്തോട് താരതമ്യം ചെയ്തുകൊണ്ട് ബുഹാരി തന്റെ ഔദ്യോഗിക പേജിലിട്ട ട്വീറ്റാണ് നിയമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് ട്വിറ്റർ നീക്കം ചെയ്തത്. നടപടി അത്യന്തം ഖേദകരമെന്ന് ട്വിറ്റർ പ്രതികരിച്ചു.