ചിബോക്: നൈജീരിയയിൽനിന്ന് ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 112 പെൺകുട്ടികളെക്കുറിച്ച് അഞ്ചുവർഷത്തിനുശേഷവും വിവരമൊന്നുമില്ലെന്ന് ബന്ധുക്കൾ. 2014 ഏപ്രിൽ 14-നാണ് ചിബോക്കിലെ ബോർഡിങ് സ്കൂളിൽനിന്ന് തോക്കുമായെത്തിയ ഭീകരർ 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിൽ 57 പേർ പലപ്പോഴായി ഭീകരരുടെ തടവിൽനിന്ന് രക്ഷപ്പെട്ടിരുന്നു. 107 പെൺകുട്ടികളെ വിവിധ ഒത്തുതീർപ്പ്‌ ചർച്ചകളുടെ ഭാഗമായും വിട്ടുകിട്ടി. എന്നാൽ, അവശേഷിക്കുന്ന 112 പേരെക്കുറിച്ച് സർക്കാരിനോ കുടുംബങ്ങൾക്കോ ഒരു വിവരവുമില്ല. നൈജീരിയയിൽനടന്ന ബോംബ് സ്ഫോടനത്തിനിടെ ഈ പെൺകുട്ടികൾ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. പെൺകുട്ടികളിൽ പലരും കടുത്തദാരിദ്ര്യംകാരണം മരിച്ചതായും ബന്ധുക്കൾ ഭയപ്പെടുന്നുണ്ട്.

ഇതിൽ 14 പെൺകുട്ടികൾ തങ്ങൾ വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞവർഷം ജനുവരി 18-ന് ബോക്കോഹറാം പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഭീകരരുടെ നേതാവായ അബൂബക്കർ ഷേക്കുവിന്റെ ഭാര്യമാരാണെന്നാണ് പെൺകുട്ടികൾ പറയുന്നത്. ഇവരിൽ മൂന്നുപേരുടെ കൈയിൽ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഇത് ഭീകരർ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

പാശ്ചാത്യവിദ്യാഭ്യാസം ഇസ്‍ലാംവിരുദ്ധമാണെന്നാണ് ബോക്കോഹറാം ഭീകരർ പറയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനോടും ഇവർ കടുത്ത എതിർപ്പ്‌ പുലർത്തുന്നു. പതിനായിരത്തിലേറെ കുട്ടികളെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയെന്നാണ് 2016-ൽ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തിയത്. ഇതിൽ അഞ്ചുവയസ്സുകാർവരെയുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടടുത്ത വർഷം നൈജീരിയയിൽനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഈ വിഷയം സജീവ ചർച്ചയായിരുന്നു. കുട്ടികളെ ഒരുവർഷത്തിനുള്ളിൽ തിരികെ വീടുകളിലെത്തിക്കുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട മുഹമ്മദ് ബുഹാരിയുടെ വിജയത്തിനുതന്നെ ഈ വിഷയം പ്രധാനകാരണമായി. പെൺകുട്ടികളുടെ മോചനത്തിനായി ആദ്യവർഷങ്ങളിൽ ലോകമാകെയും വൻ കാമ്പയിനുകൾ നടന്നിരുന്നു. എന്നാൽ, തങ്ങളൊഴികെ ലോകവും നൈജീരിയൻസർക്കാരും ഇപ്പോൾ അവരെ മറന്നതായി കുട്ടികളുടെ കുടുംബാംഗങ്ങൾ കണ്ണീരോടെ പറയുന്നു.

content highlights: Nigeria's Chibok schoolgirls: Five years on, 112 still missing