ന്യൂയോര്‍ക്ക്: പ്രശസ്ത യു.എസ്. നോവലിസ്റ്റും മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍, പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മാന്‍ഹട്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍-ജൂത വംശജനായ റോത്ത് 1933 മാര്‍ച്ച് 19-ന് ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലാണ് ജനിച്ചത്. 19-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍നിന്ന് യു.എസിലേക്ക് കുടിയേറിയയാളാണ് റോത്തിന്റെ മുത്തച്ഛന്‍.

1959-ല്‍ പുറത്തിറങ്ങിയ ചെറുകഥാസമാഹാരമായ 'ഗുഡ്‌ബൈ കൊളംബസാ'ണ് ശ്രദ്ധിക്കപ്പെട്ട ആദ്യകൃതി. 1997-ല്‍ പുറത്തിറങ്ങിയ 'അമേരിക്കന്‍ പാസ്റ്ററല്‍' എന്ന നോവലിന് 1998-ല്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. 2011-ലാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിക്കുന്നത്.

മുപ്പതിലേറെ പുസ്തകങ്ങളെഴുതിയ റോത്ത് 2009-ല്‍ തന്റെ എഴുത്തുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഭയമില്ലാത്ത എഴുത്തുകാരന്‍

തന്റെ വിചാരവികാരങ്ങള്‍ മറയും പേടിയുമില്ലാതെ നോവലുകളില്‍ പറഞ്ഞുവെച്ച ഫിലിപ്പ് റോത്ത് ഇരുപതാംനൂറ്റാണ്ടില്‍ യു.എസില്‍ ആഘോഷിക്കപ്പെട്ട ഏഴുത്തുകാരിലൊരാളാണ്‌. അമേരിക്കന്‍-ജൂതജീവിതത്തിന്റെ സ്വത്വപ്രതിസന്ധികളാണ് അദ്ദേഹം കൃതികളില്‍ പ്രധാനമായും ആവിഷ്‌കരിച്ചത്. 1969-ല്‍ 'പോര്‍ട്ട്‌നോയ്‌സ് കംപ്ലയിന്റ്' എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ് ഈ എഴുത്തുകാരനെ യു.എസും വായനാപ്രേമികളും ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ജൂതനായ അമേരിക്കക്കാരന്റെ ലൈംഗികജീവിതത്തെക്കുറിച്ച് പറയുന്ന നോവല്‍ അമേരിക്കയെ പിടിച്ചുകുലുക്കിയെന്നുവേണം പറയാന്‍. അതിനൊപ്പം വിവാദങ്ങളും തലപൊക്കിത്തുടങ്ങിയെങ്കിലും അതിലൊന്നും റോത്ത് പതറിയില്ല. പിന്നീടെഴുതിയ നോവലുകളിലും ഇത്തരം ധീരമായ തുറന്നുപറച്ചിലുകള്‍ തന്നെയായിരുന്നു. പുരുഷ ലൈംഗികത, മരണം, കല, രാഷ്ട്രീയം, മനുഷ്യബലഹീനതകളും അപൂര്‍ണതകളും എന്നിവ കേന്ദ്രമാക്കി മുപ്പതോളം നോവലുകളാണ് റോത്ത് എഴുതിയത്.

ആത്മകഥാംശം അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുവെന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍. പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് റോത്തുമായി സാമ്യത തോന്നിയിരുന്നതാകാം അതിനുകാരണം. ചിലപ്പോള്‍ സ്വന്തം പേരിലും അദ്ദേഹം കഥാപാത്രങ്ങളെ സൃഷ്ടിച്ചു. എന്നാല്‍, അത്തരത്തിലൊരു നിരീക്ഷണം റോത്ത് അംഗീകരിച്ചിരുന്നില്ല. എഴുത്ത് ആത്മകഥാപരമാണെന്നുപറയുന്നത് എഴുത്തുകാരന്റെ പ്രതിഭയെ കുറച്ചുകാട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

'റോത്തിന്റെ എഴുത്തുജീവിതം എടുത്തുപറയേണ്ടതാണ്. ഉയര്‍ന്നനിലയിലാണ് അദ്ദേഹം അതാരംഭിച്ചത്. അത് മെച്ചപ്പെടുത്തിക്കൊണ്ടുപോകാന്‍ ഇപ്പോഴും അദ്ദേഹത്തിനാകുന്നു. അന്‍പതുകളിലും അറുപതുകളിലും മറ്റ് നോവലിസ്റ്റുകളെല്ലാം താഴേക്ക് പോകുമ്പോഴും അദ്ദേഹം ഉയര്‍ന്നനിലവാരമുള്ള ഒട്ടനേകം നോവലുകളെഴുതി' -2011ല്‍ റോത്തിന് ബുക്കര്‍ സമ്മാനം നല്‍കുമ്പോള്‍ ജൂറി ചെയര്‍മാനായിരുന്ന റിക് ജെക്കോസ്‌കി പറഞ്ഞ വാക്കുകളാണിത്. റോത്തിന് പുരസ്‌കാരം നല്‍കിയത് അന്നത്തെ ജൂറികളിലും ഭിന്നതയുണ്ടാക്കി. ഇതില്‍ പ്രതിഷേധിച്ച് ഒരു ജൂറിയംഗം രാജിവയ്ക്കുകയും ചെയ്തിരുന്നു.