ന്യൂയോര്‍ക്ക്: ചൊവ്വയുടെ പ്രതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിവരുന്ന നാസ, ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഹെലികോപ്റ്റര്‍ പറത്താനുമൊരുങ്ങുന്നു. 'മാര്‍സ് റോവര്‍-2020' ദൗത്യത്തിന്റെ ഭാഗമായി ചെറു ഹെലികോപ്റ്റര്‍ പറത്താനാണ് പദ്ധതി.

ചൊവ്വാ ഗ്രഹത്തിനെ മറ്റൊരു തലത്തില്‍ വീക്ഷിക്കാനുള്ള അവസരംകൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്യഗ്രഹത്തില്‍ ബഹിരാകാശപേടകമല്ലാതെ മറ്റൊരു ആകാശവാഹനം പറത്താനുള്ള ആദ്യ ദൗത്യമാണിതെന്നും നാസ അറിയിച്ചു.

2021 ഫെബ്രുവരിയില്‍ മാര്‍സ് റോവര്‍ ചൊവ്വയില്‍ എത്തിയശേഷം അഞ്ച് പരീക്ഷണപറത്തലുകള്‍ നടത്തും. 1.8 കിലോഗ്രാം ഭാരമുള്ള ചെറു ഹെലികോപ്റ്ററിന് ഒരു സോഫ്റ്റ്‌ബോളിന്റെ വലുപ്പംമാത്രമാകും ഉണ്ടായിരിക്കുക.