ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിറിയയിലെ സൈനികമുന്നേറ്റത്തിനു നല്കുന്ന പിന്തുണയുടെപേരില്‍ റഷ്യ പരാജയപ്പെട്ടു. കിഴക്കന്‍ യൂറോപ്പിനെ പ്രതിനിധാനംചെയ്യാന്‍ ഹംഗറിയെയും ക്രൊയേഷ്യയെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

2006-ല്‍ കൗണ്‍സില്‍ സ്ഥാപിതമായതുമുതല്‍ ഒരു വര്‍ഷമൊഴിച്ച് ബാക്കി വര്‍ഷങ്ങളിലെല്ലാം അംഗത്വം വഹിച്ച രാജ്യമാണ് റഷ്യ. എന്നാല്‍ വിമതരുടെ കീഴിലുള്ള അലെപ്പോയില്‍ സിറിയന്‍ സൈന്യത്തിനൊപ്പം നടത്തുന്ന വ്യോമാക്രമണം ആഗോളതലത്തില്‍തന്നെ കനത്ത എതിര്‍പ്പാണ് വരുത്തിവെച്ചത്.

എന്നാല്‍ തങ്ങള്‍ക്ക് സാവകാശം ആവശ്യമായിരുന്നെന്നും അന്താരാഷ്ട്ര നയതന്ത്ര മേഖലയില്‍ പരിചയം കൈവരിക്കാന്‍ ഹംഗറിക്കും ക്രൊയേഷ്യക്കും ഈ നേട്ടം ഉപകാരപ്പെടുമെന്നുമായിരുന്നു റ്ഷ്യയുടെ പ്രതികരണം.

14 സീറ്റുകളുള്ള കൗണ്‍സിലിലേക്ക് 193 യു.എന്‍. അംഗരാഷ്ട്രങ്ങളും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.