ന്യൂയോര്‍ക്ക്: വൈവിധ്യത്തിന്റെ അക്ഷയഖനിയാണ് ജീവലോകം. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയും പുരോഗമിച്ചിട്ടും ഭൂമിയില്‍ ഇനിയും ചുരുങ്ങിയത് ഒരു കോടിയോളം ജീവവര്‍ഗങ്ങള്‍ കാണാമറയത്താണെന്ന് ശാസ്ത്രലോകം പറയുന്നു.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെമാത്രം ഏതാണ്ട് 18,000 ജീവിവര്‍ഗങ്ങളെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട പത്തെണ്ണത്തിന്റെ പട്ടിക ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്​പീഷിസ് എക്‌സ്‌പ്ലൊറേഷന്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

ഭീമന്‍ ആമ: ഇക്വഡോറിലെ ഗാലപഗോസിലാണ് കണ്ടെത്തിയത്. ഇവ ഏതാണ്ട് വംശനാശ ഭീഷണിയിലാണ്. 250 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. തോടുകളുടെ വലുപ്പവും ആകൃതിയിലെ മാറ്റവുമാണ് ഇവിടുത്തെ മറ്റ് ഭീമന്‍ ആമകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ഏതാണ്ട് 250 കി.ഗ്രാംവരെ ഭാരം വെക്കും. ആയുസ്സ് നൂറുവര്‍ഷം. ഗാലപോഗസിലെ വനം ഉദ്യോഗസ്ഥനായ ഡോണ്‍ ഫോസ്റ്റോയോടുള്ള ആദരസൂചകമായി ചെലനോയ്ഡിസ് ഡോണ്‍ഫോസ്റ്റോയ് എന്നാണ് ഈ ആമയ്ക്കുള്ള പേര് .

ഭീമന്‍ ഇരപിടിയന്‍ ചെടി: ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍നിന്നാണ് ബ്രസീലിലെ ഈ ചെടി പുതിയൊരു ജീവിവര്‍ഗത്തില്‍പെട്ടതാണെന്ന് തിരിച്ചറിയുന്നത്. ഡ്രൊസിറ മാഗ്നിഫിക എന്ന് പേരിട്ട ഈ ചെടി ഇതുവരെ കണ്ടെത്തിയ ഇരപിടിയന്‍ ചെടികളില്‍ ഏറ്റവും വലുതാണ്. ഏതാണ്ട് ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരും. തെക്കുകിഴക്കന്‍ ബ്രസീലിലെ പര്‍വതനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 5,000 അടി ഉയരത്തിലാണ് കണ്ടെത്തിയത്. ഇവയും വംശനാശഭീഷണിയിലാണ്. 

ഹോമിനിന്‍: മനുഷ്യന്റെ പരിണാമത്തിന്റെ യഥാര്‍ഥചിത്രം കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കുന്ന കണ്ടെത്തലായിരുന്നു ഹോമോ നലേദി എന്നറിയപ്പെടുന്ന മനുഷ്യകുലത്തിന്റെ ജീവാവശിഷ്ടങ്ങള്‍(ഫോസില്‍) തിരിച്ചറിഞ്ഞത്. ആധുനികമനുഷ്യനുമായി വലിയ സാമ്യമുണ്ട് ഈ ജീവിവര്‍ഗത്തിന്. പ്രത്യേകിച്ച് തലച്ചോറിന്റെ വലുപ്പത്തിലും ശരീരഭാരത്തിലും. 20 ലക്ഷം വര്‍ഷങ്ങള്‍ക്കും 40 ലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയ്ക്കാണ് ഇവ ജീവിച്ചിരുന്നത്.
 

creature 2

ഐസോപോഡ്: വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാന്‍കഴിയുന്ന പുറംതോടുള്ള ഈ ചെറുജീവിയെ ബ്രസീലില്‍നിന്നാണ് കണ്ടെത്തിയത്. ഒന്‍പത് മില്ലിമീറ്റര്‍ മാത്രമാണ് വലുപ്പം. കാഴ്ചയും നിറവും ഇല്ലാത്ത ജീവി. മണ്ണുകൊണ്ടുള്ള കൂട്ടില്‍ വാസം.

ആംഗ്ലര്‍ ഫിഷ്: വൈരൂപ്യംകൊണ്ടാണ് മെക്‌സിക്കോ ഉള്‍ക്കടലില്‍നിന്ന് കണ്ടെത്തിയ ഈ മത്സ്യം ശ്രദ്ധനേടുന്നത്.
തുമ്പിക്കൈപോലുള്ള മൂക്ക് ഉപയോഗിച്ചാണ് ഇത് ഇരകളെ ആകര്‍ഷിക്കുന്നത്.
 

creature 3

ചുവന്ന കടല്‍വ്യാളി: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് ഫൈലോപ്‌ടെറിക്‌സ് ഡെവിസീ എന്ന ഈ കടല്‍വ്യാളിയെ കണ്ടെത്തിയത്. മാണിക്യചുവപ്പാണ് നിറം. ആഴംകുറഞ്ഞ കടല്‍പ്രദേശത്താണ് കൂടുതല്‍ കാണപ്പെടുന്നത്.

കുഞ്ഞന്‍ വണ്ട്: പെറുവില്‍നിന്നാണ് ഫൈറ്റോടെമാട്രിക്കിസ് എന്ന ചെറിയ ഇനം വണ്ടിനെ കണ്ടെത്തിയത്. ഏതാണ്ട് 25 എണ്ണത്തെ നിരനിരയായി വെച്ചാലെ ഒരിഞ്ചുനീളമുണ്ടാവൂ. മരപ്പൊത്തുകളിലും മറ്റുമുള്ള വെള്ളത്തിലാണ് താമസം.

ചെറിയ ആള്‍ക്കുരങ്ങ്: സ്‌പെയിനില്‍നിന്ന് കണ്ടെത്തിയ ഫോസിലുകളില്‍നിന്നാണ് 1.16 കോടിവര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ചെറിയ ആള്‍ക്കുരങ്ങുവര്‍ഗത്തെ തിരിച്ചറിഞ്ഞത്. ഏതാണ്ട് 4-5 കി.ഗ്രാം തൂക്കംമാത്രമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നാണ് നിഗമനം.

സിര്‍ദാവിദിയ: ആഫ്രിക്കയിലെ ഗബോണിലെ മോണ്‍റ്‌സ് ഡെ ക്രിസ്റ്റല്‍ ദേശീയോദ്യാനത്തില്‍നിന്നാണ് ഈ പൂമരം ഗവേഷകര്‍ കണ്ടെത്തിയത്. ഏതാണ്ട് നാലിഞ്ച് വണ്ണത്തില്‍ 20 അടി ഉയരത്തില്‍വരെമാത്രം വളരുന്ന ചെടിയാണിത്. ആത്തച്ചക്ക(സീതപ്പഴം) വിഭാഗത്തില്‍ പെടുന്ന ചെടി.

ഉമ്മഗുമ്മ തുമ്പികള്‍: ഗാബണില്‍ നിന്നുതന്നെയാണ് 'ഉമ്മഗുമ്മ' എന്ന് പേരിട്ട തുമ്പികളുടെ 60 വ്യത്യസ്തയിനങ്ങളെ ശാസ്ത്രലോകം പോയവര്‍ഷം തിരിച്ചറിഞ്ഞത്. തടാകങ്ങളുടെയും ചതുപ്പുനിലങ്ങളുടെയും പരിസരത്താണ് ഇവയുടെ ആവാസകേന്ദ്രം.