ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌ന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ഫിലിം, ടി.വി. സ്റ്റുഡിയോ എന്നിവയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞാണ് ഹര്‍ജി നല്‍കുകയെന്ന് ദ വെയ്ന്‍സ്റ്റെയ്ന്‍ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അറിയിച്ചു. ഇവ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് ഇതിന് പ്രേരിപ്പിച്ചത്.

ഒരുകാലത്ത് ഹോളിവുഡിലെ സ്വാധീനശേഷിയുള്ള വ്യക്തികളില്‍ ഒരാളായിരുന്നു കമ്പനിയുടെ മുന്‍ ചെയര്‍മാനായ വെയ്ന്‍സ്റ്റെയ്ന്‍. എഴുപതിലേറെ സ്ത്രീകളാണ് ഇദ്ദേഹത്തിന്റെപേരില്‍ ലൈംഗികപീഡന ആരോപണമുന്നയിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളായിരുന്നു ഇവയെന്നും പീഡനമല്ലെന്നുമാണ് വെയ്ന്‍സ്റ്റെയ്‌ന്റെ നിലപാട്.

ബരാക് ഒബാമ യു.എസ്. പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗികസംഘാംഗമായിരുന്ന മരിയ കോണ്‍ടെറാസ് സ്വീറ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി 50 കോടി ഡോളറിലേറെ (3239 കോടി രൂപ) മുടക്കി വെയ്ന്‍സ്റ്റെയ്‌ന്റെ കമ്പനി വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ഇടപാട് നടന്നില്ല. 3.75 കോടി ഡോളറിന്റെ (24.3 കോടി രൂപ) കടമുണ്ട് ദ വെയ്ന്‍സ്റ്റെയ്ന്‍ കമ്പനിക്കെന്നാണ് റിപ്പോര്‍ട്ട്. 2005 ഒക്ടോബറിലാണ് കമ്പനി സ്ഥാപിച്ചത്.