ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമക്കേസില്‍ കുറ്റം ചുമത്തപ്പെട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌ന് ജാമ്യം. പത്തുലക്ഷം ഡോളറിന്റെ (6.77 കോടി രൂപ) ജാമ്യത്തിലാണ് വെയ്ന്‍സ്റ്റെയ്‌നെ വിട്ടയച്ചത്.

ഒട്ടേറെ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന വെയ്ന്‍സ്റ്റെയ്ന്‍ വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്ക് പോലീസില്‍ കീഴടങ്ങിയത്. ഇതിനുപിന്നാലെ ഇയാളുടെ പേരില്‍ ബലാത്സംഗം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളും ചുമത്തി. ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ട്രാക്കര്‍ ഉപയോഗിച്ച് വെയ്ന്‍സ്റ്റെയ്‌ന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കും. ഇതിനുപുറമേ പാസ്!പോര്‍ട്ട് പോലീസില്‍ സമര്‍പ്പിക്കണമെന്നും ജാമ്യത്തില്‍ വ്യവസ്ഥയുണ്ട്. ഹോളിവുഡിലെ ഒന്നാംനിര നിര്‍മാതാവായ വെയ്ന്‍സ്റ്റെയ്ന്‍ ആ പദവിയിലൂടെ ലഭിച്ച പണവും അധികാരവും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാനായി ഉപയോഗിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ ജോണ്‍ ഇല്ലൂസി കോടതിയില്‍ പറഞ്ഞു. കേസ് ജൂലായ് 30-ന് പരിഗണിക്കും.