ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ വെള്ളിയാഴ്ച ന്യൂയോര്‍ക്ക് പോലീസിനുമുന്നില്‍ കീഴടങ്ങി. വെയ്ന്‍സ്റ്റെയ്‌ന്റെ പേരില്‍ ബലാത്സംഗം, ക്രിമിനല്‍ ലൈംഗികത, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു. രണ്ടുസ്ത്രീകളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വിവാദമാരംഭിച്ച് എട്ടുമാസത്തിനുശേഷമാണ് വെയ്ന്‍സ്റ്റെയ്‌ന്റെ കീഴടങ്ങല്‍.

2004-ലും 2013-ലും നടന്ന സംഭവങ്ങളില്‍ മാന്‍ഹട്ടനിലെ ജില്ലാ അറ്റോര്‍ണി ഓഫീസാണ് കുറ്റം ചുമത്തിയത്. ഇരകളുടെ പേര് ഓഫീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഐറിഷ് നടിയായ ലൂസിയ ഇവാന്‍സ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2004-ല്‍ വെയ്ന്‍സ്റ്റെയ്ന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് ലൂസിയയുടെ ആരോപണം.

മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. യു.എസ്. നടിയായ പാസ് ഡേ ല ഹുവേര്‍ത ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളിലും ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ലോകമാകെ ഏറ്റെടുത്ത മീ ടൂ കാമ്പയിനിലൂടെ 66-കാരനായ വെയ്ന്‍സ്റ്റെയ്‌നെതിരേ ആഞ്ജലിന ജോളിയുള്‍പ്പെടെ നൂറിലേറെപ്പേരാണ് ബലാത്സംഗവും ലൈംഗികാതിക്രമവുമടക്കമുള്ള ആരോപണങ്ങളുന്നയിച്ചത്. കേറ്റ് ബെക്കിന്‍സെയ്ല്‍, ലിസെറ്റ് ആന്റണി, ഗ്വിനെത്ത് പാല്‍ത്രോ, ആഷ്!ലി ജുഡ്ഡ്, നെറ്റ്ഫ്‌ലിക്‌സ് നിര്‍മാതാവ് അലക്‌സാന്‍ഡ്ര കാനോസ, ആസിയ അര്‍ജെന്തോ, മോഡല്‍ അംബ്രാ ബാറ്റിലാന തുടങ്ങിയവരാണ് ആരോപണമുന്നയിച്ചവരില്‍ പ്രമുഖര്‍.

നടിമാരെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വെയ്ന്‍സ്റ്റെയ്ന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അവയെല്ലാം പരസ്​പരസമ്മതത്തോടെയായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്.

മീ ടൂ വിവാദം ഹോളിവുഡിനെ പിടിച്ചുകുലുക്കിയതോടെ ഒരുകാലത്ത് ഹോളിവുഡ് അടക്കിവാണ വെയ്ന്‍സ്റ്റെയ്‌നെ നിര്‍മാണക്കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് വെയ്ന്‍സ്റ്റെയ്ന്‍ കമ്പനി പാപ്പരത്ത ഹര്‍ജിയും നല്‍കി.

അടുത്തിടെ നടന്ന കാന്‍ ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ ഇറ്റാലിയന്‍ നടിയായ ആസിയ അര്‍ജെന്തോ വെയ്ന്‍സ്റ്റെയ്‌നുനേരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

വെയ്ന്‍സ്റ്റെയ്ന്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബെന്‍ ബ്രാഫ്മാന്‍ പറഞ്ഞു.