ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം നേരിടുന്ന ഡേറ്റ അനലൈസിങ് കമ്പനി കേംബ്രിജ് അനലിറ്റിക്ക ന്യൂയോര്‍ക്കിലെ കോടതിയില്‍ പാപ്പരത്ത ഹര്‍ജി നല്‍കി.

വിവാദത്തെത്തുടര്‍ന്ന് കനത്തനഷ്ടം നേരിട്ട കമ്പനി പൂട്ടുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃകമ്പനിയായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്.സി.എല്‍.) പൂട്ടാനും പാപ്പരായി പ്രഖ്യാപിക്കുന്നതിനുമുള്ള നടപടികള്‍ മേയില്‍ ആരംഭിച്ചിരുന്നു.

കോടതിയില്‍ നല്‍കിയ കണക്കുപ്രകാരം കേംബ്രിജ് അനലിറ്റിക്കയ്ക്ക് അഞ്ചുലക്ഷം ഡോളറിന്റെ (3.4 കോടി രൂപ) ആസ്തിയും പത്തുലക്ഷം (6.80 കോടി രൂപ)മുതല്‍ ഒരു കോടിഡോളര്‍(68.04 കോടിരൂപ)വരെ ബാധ്യതയുമുണ്ട്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തി യു.എസിലേതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കമ്പനി വിവാദത്തിലാകുന്നത്.