ന്യൂയോര്‍ക്ക്: വിദേശ രാജ്യങ്ങളിലുള്ള കുടിയേറ്റതൊഴിലാളികളില്‍നിന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണമൊഴുകിയെത്തുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 6900 കോടി ഡോളര്‍ (4.65 ലക്ഷം കോടി രൂപ) ആണ് കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇന്ത്യയിലെത്തിയത്. ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് (ഐ.എഫ്.എ.ഡി.) പുറത്തിറക്കിയ റെമിറ്റ് സ്‌കോപ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

6400 കോടി ഡോളറുമായി (ഏകദേശം 4.31 ലക്ഷം കോടി രൂപ) ചൈന രണ്ടാമതും 3300 കോടി ഡോളറുമായി (ഏകദേശം 2.22 ലക്ഷം കോടി രൂപ) ഫിലിപ്പീന്‍സ് മൂന്നാം സ്ഥാനത്തുമാണ്. 2000 കോടി ഡോളറുമായി (1.35 ലക്ഷം കോടി രൂപ) പാകിസ്താന്‍, 1400 കോടി ഡോളറുമായി (94,000 കോടി രൂപ) വിയറ്റ്‌നാം എന്നിവ ആദ്യ പത്തുരാജ്യങ്ങളുടെ പട്ടികയിലുണ്ട്.

ഏഷ്യ-പസഫിക് മേഖലയിലേക്ക് 2017-ല്‍ എത്തിയ 25,600 കോടി ഡോളറില്‍ (ഏകദേശം 17.24 ലക്ഷം കോടി രൂപ) 32 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. വടക്കേ അമേരിക്കയില്‍നിന്ന് 26 ശതമാനമാണ് വിഹിതം. ഏഷ്യ-പസഫിക് മേഖലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള 32 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഏഷ്യ പസഫിക് മേഖലയില്‍നിന്ന് പുറത്തേക്കുള്ള പണമൊഴുക്ക് 7800 കോടി ഡോളറാണ്. ഏകദേശം 5.25 ലക്ഷം കോടി രൂപ. ഇതില്‍ 93 ശതമാനവും ഈ മേഖലയിലേക്കുതന്നെയാണ് പോകുന്നത്.