ന്യൂയോര്‍ക്ക്: അമേരിക്കയിലെ അതിസമ്പന്നരുടെ കൂട്ടത്തിലെ അതികായരായ റോക്ക്‌ഫെല്ലര്‍ കുടുംബത്തിന്റെ കലാശേഖരം ചൊവ്വാഴ്ച ആരംഭിച്ച ത്രിദിനലേലത്തില്‍ പോയത് 80 കോടിയിലധികം ഡോളറിന്(ഏകദേശം 5392 കോടി രൂപ). ഒറ്റ ഉടമസ്ഥതയിലുള്ള ശേഖരത്തിന് ലോകത്ത് ഇന്നേവരെ ലഭിച്ച ഏറ്റവുംവലിയ ലേലത്തുകയാണിത്. ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറായിരുന്ന ഈവ് സെയ്ന്‍ ലോറെയ്‌ന്റെ എസ്റ്റേറ്റിനുലഭിച്ച 48.4 കോടി ഡോളറാണ് (ഏകദേശം 3262 കോടിരൂപ) ഇതിനുമുന്‍പ് ലഭിച്ച ഏറ്റവുംവലിയ ലേലത്തുക.

അമേരിക്കയിലെ ആദ്യ ശതകോടീശ്വരനായിരുന്ന ജോണ്‍ ഡി. റോക്ക്‌ഫെല്ലറിന്റെ അഞ്ചുമക്കളിലൊരാളായ ഡേവിഡ് റോക്ക്‌ഫെല്ലറുടെയും ഭാര്യ പെഗ്ഗി റോക്ക്‌ഫെല്ലറുടേതുമാണ് നിധിശേഖരം. 1996-ല്‍ പെഗ്ഗി വിടവാങ്ങി. കഴിഞ്ഞവര്‍ഷം 101-ാം വയസ്സില്‍ ഡേവിഡ് റോക്ക്‌ഫെല്ലറും അന്തരിച്ചു.

ലേലത്തുക മുഴുവനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇവരുടെ മകന്‍ ഡേവിഡ് റോക്ക്‌ഫെല്ലര്‍ ജൂനിയര്‍ അറിയിച്ചു. ഇവരുടെ ശേഖരത്തില്‍ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 'പൂക്കൊട്ട പിടിച്ചുനില്‍ക്കുന്ന നഗ്നയായ പെണ്‍കുട്ടി'യുടെ ചിത്രമാണ് ഏറ്റവുമധികം ശ്രദ്ധപിടിച്ചുപറ്റിയത്. എഴുത്തുകാരിയായ ജെര്‍ട്രൂഡ് സ്റ്റെയ്‌നിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ചിത്രത്തിന് 11.5 കോടി ഡോളറാണ്(ഏകദേശം 775 കോടി രൂപ) ലേലത്തില്‍ ലഭിച്ചത്. 10 കോടി ഡോളറായിരുന്നു മതിപ്പുവില. ഫ്രഞ്ച് ചിത്രകാരനായ ക്ലോഡ് മൊണേയുടെ പ്രശസ്തമായ 'ആമ്പല്‍പ്പൂക്കള്‍' പരമ്പരയിലെ ചിത്രമാണ് ലേലത്തുകയില്‍ തൊട്ടടുത്ത സ്ഥാനത്ത്. അഞ്ചുകോടി ഡോളര്‍ മതിപ്പുവില കണക്കാക്കിയ ഇതിന് 8.4 കോടി ഡോളറാണ്(ഏകദേശം 556 കോടി രൂപ) ലഭിച്ചത്. 8.1 കോടി ഡോളറാണ് ഇതിനുമുന്‍പ് ഒരു മൊണേ ചിത്രത്തിന് ലഭിച്ച ഏറ്റവുംവലിയ തുക.

'റോക്ക്‌ഫെല്ലര്‍ മാനിയ' എന്ന് കലാലോകം പേരിട്ട ലേലത്തില്‍ നേരിട്ട് ലേലത്തിനുവെച്ച മുഴുവന്‍ വസ്തുക്കളും വിറ്റുപോയെന്ന് മേല്‍നോട്ടം വഹിച്ച ക്രിസ്റ്റീസ് ഓക്ഷന്‍ ഹൗസ് അറിയിച്ചു.