ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട 75 നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ്. നാലുവര്‍ഷമായി പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെയാണ് ഷി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ മോദിക്ക് ഇന്നും വലിയ സ്വീകാര്യതയുണ്ട്. ലോകനേതാക്കളായ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലൂടെ മോദി രാജ്യാന്തരനേതാവെന്ന തന്റെ പദവി ഉയര്‍ത്തി. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളെ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളില്‍ ആഗോളതലത്തില്‍ ഇടപെടുന്ന പ്രധാന വ്യക്തിയായി മോദി വളര്‍ന്നതായും ഫോബ്‌സ് വിലയിരുത്തി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ മോദിസര്‍ക്കാര്‍ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍പോലുള്ള നടപടിയെക്കുറിച്ചും പരാമര്‍ശമുണ്ട്.

'വേള്‍ഡ് മോസ്റ്റ് പവര്‍ഫുള്‍ പീപ്പിള്‍' വിഭാഗത്തില്‍ വര്‍ഷംതോറും 75 പേരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിടാറുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരിന്ത്യക്കാരന്‍. മുകേഷ് പട്ടികയില്‍ 32-ാം സ്ഥാനത്താണ്. ജിയോ 4 ജി സര്‍വീസ് ലഭ്യമാക്കിയതിലൂടെ മത്സരാധിഷ്ഠിതമായ ഇന്ത്യന്‍ ടെലികോം മേഖലയില്‍ അംബാനി 'വിലക്കുറവിന്റെ യുദ്ധ'ത്തിന് തുടക്കമിട്ടതായി ഫോബ്‌സ് ചൂണ്ടിക്കാട്ടി. മൈക്രോസോഫ്റ്റ് സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ സത്യ നാദെല്ല 40-ാം സ്ഥാനത്താണ്.

കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകപ്രസിഡന്റായ മാവോ സെ തുങ്ങിനുശേഷം 'അതിപ്രഭാവമുള്ള വ്യക്തിത്വം' എന്നപദവി ഷി ജിന്‍പിങ്ങിന് രാജ്യത്ത് ലഭിച്ചതായി ഫോബ്‌സ് പറയുന്നു. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മൂന്നാം സ്ഥാനത്തുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ നാലാമതും ആമസോണ്‍ മേധാവി ജെഫ് ബിസോസ് അഞ്ചാമതും ഫ്രാന്‍സിസ് മാര്‍പാപ്പ ആറാമതും സ്ഥാനത്ത് ഇടംപിടിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് അടക്കം 17 പേരാണ് ഇത്തവണ പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 36-ാം സ്ഥാനത്തും ആഗോള ഭീകരസംഘടനയായ ഇസ്!ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി 73-ാം സ്ഥാനത്തുമുണ്ട്.