ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കേ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യം മികച്ച നിലയിലായിരുന്നുവെന്ന കത്ത് തന്നെക്കൊണ്ട് എഴുതിച്ചതാണെന്ന് കത്ത് തയ്യാറാക്കിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ട്രംപ് പറഞ്ഞത് താന്‍ കേട്ടെഴുതുക മാത്രമായിരുന്നുവെന്നാണ് പ്രസിഡന്റിന്റെ മുന്‍ സ്വകാര്യഡോക്ടറായ ഹാരോള്‍ഡ് ബോണ്‍സ്റ്റെയ്ന്‍ ചൊവ്വാഴ്ച സി.എന്‍.എന്‍.അഭിമുഖത്തിനിടെ പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2015 ഡിസംബറിലാണ് ഇപ്പോള്‍ വിവാദമായ കത്ത് പ്രസിദ്ധീകരിച്ചത്. 'തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന എക്കാലത്തെയും മികച്ച ആരോഗ്യമുള്ള വ്യക്തി ട്രംപ് ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്നു,' എന്നായിരുന്നു കത്തിലെ വാചകം. ട്രംപിന്റെ കാര്‍ ഓഫീസിന്റെ പുറത്ത് കാത്തുനില്‍ക്കവേ ആണ് താനത് തയ്യാറാക്കിയതെന്ന് കത്ത് പുറത്തുവന്ന് മാസങ്ങള്‍ക്കുശേഷം ഇദ്ദേഹം പറഞ്ഞിരുന്നു.

2017 ഫെബ്രുവരി മൂന്നിന് ബോണ്‍സ്റ്റെയിന്റെ പാര്‍ക്ക് അവന്യൂവിലുള്ള ഓഫീസില്‍ ട്രംപിന്റെ അംഗരക്ഷകന്‍ പരിശോധന നടത്തിയതോടെയാണ് സംഭവം വിവാദമായത്. 30 മിനിറ്റോളം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ പ്രസിഡന്റിന്റെ എല്ലാ മെഡിക്കല്‍രേഖകളും പിടിച്ചെടുത്തിരുന്നു. ഇവയില്‍ പ്രസിഡന്റിന്റെ സ്വന്തംപേരിലും വ്യാജനാമത്തിലുമുള്ള റിപ്പോര്‍ട്ടുകളും ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഏക മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബോണ്‍സ്റ്റെയ്ന്‍ പറഞ്ഞിരുന്നത്. സംഭവം 'ബലാല്‍സംഗം പോലെ തോന്നിയെന്നും തന്നെ ഭയചകിതനും ദുഃഖിതനുമാക്കിയെന്നും' ബോണ്‍സ്റ്റെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ട്രംപിന് താന്‍ വര്‍ഷങ്ങളായി മുടി വളരാനുള്ള മരുന്ന് നല്‍കാറുണ്ടെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചു രണ്ട് ദിവസത്തിനുശേഷമാണ് രേഖകള്‍ പിടിച്ചെടുത്തതെന്നാണ് ഡോക്ടര്‍ ആരോപിക്കുന്നത്. എന്നാല്‍, ഇത് 'ഔദ്യോഗിക നടപടി' മാത്രമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സന്റെ പ്രതികരണം.