ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാല് അഗ്നിരക്ഷ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

അമ്പത് നിലകളുള്ള ട്രംപ് ടവറിന്റെ ഏറ്റവും മുകളിലുള്ള നിലയില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് ആറിനാണ് തീ കണ്ടത്. ഈ നിലയിലെ താമസക്കാരനായ ടോഡ് ബ്രാസ്‌നര്‍(67) ആണ് ആസ്​പത്രിയില്‍ മരിച്ചത്.
 
പുകമൂടിയ കെട്ടിടത്തിനുമുകളിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്നിരക്ഷ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായതായി അറിയിച്ചെങ്കിലും അപകടകാരണമെന്തെന്ന് അഗ്നിരക്ഷാവിഭാഗം വ്യക്തമാക്കിയില്ല. തീയണച്ച സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്ത ട്രംപ് നല്ല നിലയില്‍ പണിത കെട്ടിടമാണിതെന്ന് അവകാശപ്പെട്ടു.

ഒട്ടേറെ അപ്പാര്‍ട്ട്‌മെന്റുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒരുവസതിയും ഓഫീസും ട്രംപ് ഉപയോഗിച്ചുവരുന്നുണ്ട്.