ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ലോകമൊട്ടാകെ വില്‍ക്കുന്നതായി യു.എസ്. മുന്‍ ചീഫ് സ്ട്രാറ്റജിസ്റ്റും കേംബ്രിജ് അനലിറ്റക്കയുടെ മുന്‍ വൈസ് പ്രസിഡന്റുമായ സ്റ്റീവ് ബാനന്‍.

കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച കാര്യങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ വിവരങ്ങള്‍ സൗജന്യമായി അവര്‍ ഉപയോഗിക്കുന്നു. വലിയ വിലയ്ക്ക് ഇത് വില്‍ക്കുന്നു. വന്‍കിട വ്യാപാരങ്ങള്‍ക്ക് ഇത്തരം കമ്പനികള്‍ ശ്രമിക്കുന്നതും ഇതുകൊണ്ടാണ്'-ബാനന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ഒട്ടേറെ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തലുകളുണ്ടായിരുന്നു.