ന്യൂയോര്‍ക്ക്: മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മൂന്നുതവണ നേടിയ മെറില്‍ സ്ട്രീപ്പ് സ്വന്തം പേര് ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കി. വിനോദവ്യവസായമേഖലയില്‍ ഈ പേരുപയോഗിക്കാനുള്ള അവകാശവും അനുമതിയില്ലാതെ പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്നതില്‍നിന്ന് സംരക്ഷണവും ലഭിക്കുന്നതിനാണ് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനായി ഈ മാസം 22-നാണ് യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസില്‍ സ്ട്രീപ്പ് അപേക്ഷ നല്‍കിയത്.

അറുപത്തിയെട്ടുവയസ്സുള്ള സ്ട്രീപ്പാണ് ഏറ്റവുമധികം തവണ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച നടി. 'ദ പോസ്റ്റി'ലെ അഭിനയത്തിന് ഇത്തവണ അവര്‍ക്ക് 21-ാമത്തെ നാമനിര്‍ദേശം ലഭിച്ചു. ഈ പ്രായത്തില്‍ എന്തിനാണ് അവര്‍ പേര് ട്രേഡ്മാര്‍ക്കാക്കുന്നതെന്ന് വ്യക്തമല്ല.

റാപ് ഗായകന്‍ 50 സെന്റ്, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ എന്നിവര്‍ സ്വന്തം പേര് ട്രേഡ്മാര്‍ക്ക് ആക്കിയിട്ടുണ്ട്. ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് 10 വര്‍ഷത്തിനിടെ 60 ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് നല്‍കിയിട്ടുള്ളത്.