ന്യൂയോര്‍ക്ക്: 'പുതിയ ദിനം ഉദിക്കുന്നു'... ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ മുഴങ്ങിക്കേട്ട ആ വാക്കുകള്‍ ഇന്ന് യു.എസ്സിലെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമാണ്. ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നേടിയ വിഖ്യാത അവതാരിക ഓപ്രാ വിന്‍ഫ്രിയുടെ പ്രസംഗത്തിന് വലിയമാനമുള്ളതായാണ് നിരീക്ഷണങ്ങള്‍. യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഓപ്ര തയ്യാറെടുക്കുന്നു എന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി.

പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത രണ്ട് അടുത്ത സുഹൃത്തുക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതിനെക്കുറിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഫ്രിയുടെ വിശ്വസ്തര്‍ അവരോട് ഇക്കാര്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങള്‍ക്കുമുന്‍പാണ് ഈ സംഭാഷണങ്ങള്‍ ഉണ്ടായതെന്നും എന്നാല്‍ വിന്‍ഫ്രി ഈ വിഷയത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ലെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിന്‍ഫ്രിയുടെ വക്താവും പ്രതികരിച്ചിട്ടില്ല.

സ്ഥിരീകരിക്കാത്ത ഈ 'വൈറ്റ്ഹൗസ് സ്വപ്‌നങ്ങളെ' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തുകഴിഞ്ഞു. 2020-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ വിന്‍ഫ്രി തയ്യാറായാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് വൈറ്റ്ഹൗസ് വക്താവ് ഹോഗന്‍ ഗിഡ്!ലെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ലൈംഗികപീഡനങ്ങള്‍ക്കിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിന്‍ഫ്രി അടക്കമുള്ള വനിതാതാരങ്ങള്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയത്.