ന്യൂയോര്‍ക്ക്: അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്. ഉപയോക്താക്കള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കമ്പനി അറിയിച്ചു.

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ആധാറിലുള്ള പോലെ ഉപയോക്താക്കളുടെ പേര് ചോദിച്ചത് പരീക്ഷണം മാത്രമായിരുന്നു. പുതിയ അക്കൗണ്ട് ഉണ്ടാക്കാന്‍ ആധാറിലെ പേര് വേണമെന്ന നിര്‍ബന്ധവുമില്ല -ഫെയ്‌സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ തായ്ചി ഹൊഷിനോ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

എങ്ങനെ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ആരംഭിക്കാം എന്ന് ഉപയോക്താക്കള്‍ക്ക് വ്യക്തമാക്കുന്ന ചെറിയൊരു പരീക്ഷണമായിരുന്നു അത്. ചെറിയൊരു വിഭാഗം ഉപയോക്താക്കളിലാണ് നടത്തിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനായാസം അക്കൗണ്ട് ഉടമയെ കണ്ടെത്താനാണ് ആധാറില്‍ ഉപയോഗിച്ചിരിക്കുന്ന പേര് അതേപടി ഉപയോഗിക്കണം എന്ന് നിര്‍ദേശിച്ചത്. അതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ബ്ലോഗ് വിശദീകരിക്കുന്നു.