ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സബ്വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. 27 വയസ്സുള്ള അക്രമിയെ പോലീസ് പിടികൂടി. ശരീരത്തില്‍ സ്‌ഫോടകവസ്തു കെട്ടിവെച്ചിരുന്ന ഇയാളുടെ വയറിനും കൈകള്‍ക്കും പൊള്ളലേറ്റു.

ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം ചത്വരത്തിനു സമീപമുള്ള പോര്‍ട്ട് അതോറിറ്റി സ്റ്റേഷനിലാണ് രാവിലെ എട്ടോടെ (ഇന്ത്യന്‍സമയം തിങ്കളാഴ്ച വൈകിട്ട് ആറര) സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണശ്രമമായിരുന്നു ഇതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.

2001 സെപ്റ്റംബര്‍ 11-ന് ഭീകരാക്രമണം നടന്ന നഗരത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊലയാളി ട്രക്ക് ഓടിച്ചുകയറ്റി എട്ടുപേരെ വധിച്ചിരുന്നു.