ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാഡ്!വിന്‍ രംഗത്ത്. 20 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന പാര്‍ട്ടിക്കിടെ ട്രംപ് തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് ട്വിറ്ററിലൂടെ ബാഡ്വിന്‍ ആരോപിച്ചത്.
 
ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്ക് ട്രംപിന് ക്ഷണമുണ്ടായിരുന്നില്ല. എന്നിട്ടും ട്രംപ് എത്തി. പാര്‍ട്ടിക്കിടെ ഭാര്യയുടെ ശരീരത്തില്‍ ഇടിച്ചെന്നും അറ്റ്ലാന്റ സിറ്റിയിലേക്ക് ഹെലികോപ്റ്ററില്‍ കൂടെ സഞ്ചരിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ബാഡ്!വിന്‍ പറയുന്നത്.

ലൈംഗികാരോപണം നേരിടുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ അല്‍ ഫ്രാന്‍കിനിനെതിരേ ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ബാഡ്വിന്റെ ട്വീറ്റ്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കളുടെ അച്ഛന്‍ ബ്ലാക് ബെല്‍റ്റ് ഉള്ളയാളാണ് എന്ന് മറുപടി ട്വീറ്റില്‍ ബാഡ്!വിന്‍ പറയുന്നു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പലകോണുകളില്‍നിന്നും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.