ക്രൈസ്റ്റ്ചർച്ച്: കോടതിയിൽ ഹാജരാക്കിയപ്പോഴും കൂസലില്ലാത്ത ഭാവത്തിലായിരുന്നു സ്ത്രീകളും കുട്ടികളുമുൾപ്പെടെ 49 പേരെ വെടിവെച്ചുവീഴ്ത്തിയ പ്രതി ബ്രന്റൺ ടറന്റ്. വെള്ളനിറത്തിലുള്ള ജയിൽ യൂണിഫോമും കൈവിലങ്ങുമണിയിച്ചാണ് ടറന്റിനെ കോടതിയിലെത്തിച്ചത്. തനിക്കെതിരേയുള്ള കുറ്റപത്രം ജഡ്ജി വായിക്കുമ്പോൾ കുറ്റബോധം തൊട്ടുതീണ്ടാത്ത മുഖഭാവത്തിൽ അലസനായി കേട്ടിരുന്നു. ഇടയ്ക്കിടെ കോടതിമുറിയിൽ തടിച്ചുകൂടിയിരുന്ന മാധ്യമപ്രവർത്തകരെ നോക്കുന്നുണ്ടായിരുന്നു. ഹൈസ്കൂൾവിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ജിം പരിശീലകനായിരുന്നു.

ടറന്റ് തീവ്ര വലതുപക്ഷക്കാരനും ഭീകരനുമാണെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞത്.

പള്ളികളിൽ വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ടറന്റ് ഫെയ്സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ന്യൂസീലൻഡിൽ മുസ്‍ലിങ്ങൾക്കുനേരെ നടക്കുന്ന ഏറ്റവുംവലിയ ഭീകരാക്രമണമായിരുന്നു വെള്ളിയാഴ്ചത്തേത്. ഇന്ത്യ, തുർക്കി, ബംഗ്ലാദേശ്, ഇൻഡൊനീഷ്യ, സൗദി അറേബ്യ, മലേഷ്യ, ജോർദാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തങ്ങളുടെ അഞ്ചുപൗരന്മാരെ കാണാനില്ലെന്ന് പാകിസ്താനും അറിയിച്ചു.

content highlights: new zealand gun fire