ഹൈദരാബാദ്/വഡോദര: വെള്ളിയാഴ്ച ന്യൂസീലൻഡ് ഭീകരാക്രമണത്തിന്റെ വാർത്ത പുറത്തുവന്നതുമുതൽ കാണുന്നവരോട് മുഴുവൻ തന്റെ മകനെവിടെയെന്ന ഒറ്റചോദ്യം മാത്രമാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് സയീദുദ്ദീന് ചോദിക്കാനുള്ളത്. വെള്ളിയാഴ്ച ജുമാ നമസ്‍കാരത്തിനായി ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ മസ്ജിദിലേക്ക് പോയതാണ് സയീദുദ്ദീന്റെ മകനായ ഫർഹാജ് അഹ്സാൻ. പക്ഷേ, ഫർഹാജ് പിന്നീട് തിരികെയെത്തിയില്ല. ‘‘17 പേരെ ഇപ്പോഴും കാണാനില്ല. എന്റെ മകനെവിടെയെന്ന് കണ്ടെത്തിത്തരാൻ സർക്കാരിനോട് അപേക്ഷിക്കുകയാണ്’’ -സയീദുദ്ദീൻ പറഞ്ഞു. ന്യൂസീലൻഡിൽ സോഫ്റ്റ്‍വേർ എൻജിനീയറാണ് ഫർഹാജ്.

ഭീകരാക്രമണത്തിനുശേഷം ഗുജറാത്തിലെ വഡോദര സ്വദേശികളായ രണ്ടുപേരെക്കുറിച്ചും വിവരങ്ങളില്ല. ആരിഫ്, അദ്ദേഹത്തിന്റെ മകനായ റമീസ് വോഹ്‍ര എന്നിവരെയാണ് കാണാതായത്. ഇവരും പള്ളിയിലെത്തിയിരുന്നു. ആക്രമണത്തിനുശേഷം അവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

മറ്റൊരു ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ജഹാംഗീറെന്നയാൾക്ക് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ന്യൂസീലൻഡിലേക്ക് പോകാൻ അടിയന്തരവിസയാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ വിദേശമന്ത്രാലയത്തെ സമീപിച്ചു.

content highlights: new zealand gun fire