വെല്ലിങ്ടൺ: അതിശയിപ്പിക്കുന്ന കൈയടക്കത്തോടെ കോവിഡിനെ പടിക്കുപുറത്താക്കി ന്യൂസീലൻഡ്. രാജ്യത്തെ അവസാനരോഗിയും രോഗമുക്തിനേടിയതോടെ രാജ്യം കോവിഡ് വിമുക്തമായതായി പ്രധാനമന്ത്രി ജസിൻഡ ആർഡേൺ പ്രഖ്യാപിച്ചു. തുടർച്ചയായ 17 ദിവസമായി രാജ്യത്ത് പുതിയ രോഗികളുമില്ല. ഇതോടെ രാജ്യത്തേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഞായറാഴ്ച അർധരാത്രിയോടെ എടുത്തുമാറ്റി.

അടുത്തിടപഴകുന്നതിനോ സംഘം ചേരുന്നതിനോ പരിപാടികൾ സംഘടിപ്പിക്കുന്നതിനോ ഇനി നിയന്ത്രണങ്ങളില്ല. എന്നാൽ, വിദേശത്തുനിന്നുള്ളവർക്ക് ന്യൂസീലൻഡിലേക്ക് പ്രവേശനം അനുവദിക്കില്ല.

“ന്യൂസീലൻഡിൽ വൈറസ് വ്യാപനം പൂർണമായി അവസാനിപ്പിച്ചുവെന്ന് ഉറപ്പുണ്ട്. സുരക്ഷിതവും ശക്തവുമായ നിലയിലേക്കെത്തിയിരിക്കുകയാണ് നമ്മൾ. എന്നാൽ, ഇപ്പോഴും കോവിഡിനു മുമ്പുണ്ടായിരുന്ന ജീവിതത്തിലേക്ക് വളരെ വേഗം ഓടിയെത്താൻ നമുക്കാവില്ല” -ടെലിവിഷനിൽ നടത്തിയ പ്രസ്താവനയിൽ ആർഡേൺ പറഞ്ഞു.

ആകെ 1154 കോവിഡ് രോഗികളാണ് ന്യൂസീലൻഡിലുണ്ടായിരുന്നത്. 22 പേർ മരിച്ചു. ഫെബ്രുവരിയിലാണ് ആദ്യ കേസ് റിപ്പോർട്ടുചെയ്യപ്പെട്ടത്. മാർച്ച് 25-ന് രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിക്കുകയും നാലാം സ്റ്റേജ് ജാഗ്രതയേർപ്പെടുത്തുകയും ചെയ്തു. സ്‍കൂളുകളും വാണിജ്യ സ്ഥാപനങ്ങളും അടയ്ക്കുകയും ജനങ്ങളോടു വീടുകളിൽ കഴിയാൻ നിർദേശം നൽകുകയും ചെയ്തു. അഞ്ചാഴ്ചയ്ക്കുശേഷം ഏപ്രിലിൽ ജാഗ്രത മൂന്നാം ലെവലിലേക്ക് താഴ്ത്തി. ജൂൺ 22-ന് ഇത് ഒന്നാം ലെവലായി കുറയ്ക്കണമെന്നായിരുന്നു നേരത്തേ ന്യൂസീലൻഡ് സർക്കാർ നിശ്ചയിച്ചിരുന്നത്.

ഒറ്റവാക്ക്... നന്ദി, നൃത്തംചെയ്തൊരു പ്രധാനമന്ത്രി

ഒറ്റവാക്കിൽ ലളിതമായി പറഞ്ഞവസാനിപ്പിക്കുന്നു “നന്ദി ന്യൂസീലൻഡ്” -രാജ്യം കോവിഡ് മുക്തമായെന്ന വിവരം പ്രഖ്യാപിച്ചുനടത്തിയ പ്രസംഗം ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അവസാനിപ്പിച്ചതിങ്ങനെയാണ്. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ലോകത്തെ മികച്ച നേതാക്കളിലൊരാൾ എന്നു പേരുകേട്ടയാളാണ് 38-കാരിയായ ആർഡേൺ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്കെത്തിയെന്ന വിവരം കേട്ടപ്പോൾ താൻ സന്തോഷത്താൽ മകൾ നെവിക്കൊപ്പം ചെറുതായി നൃത്തം ചെയ്തിരുന്നെന്നും ആർഡേൺ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

Content Highlights: New Zealand COVID 19