ക്രൈസ്റ്റ് ചർച്ച്: പള്ളികളിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊലയ്ക്കുപയോഗിക്കുന്ന എല്ലാതരം തോക്കുകളും നിരോധിച്ചുകൊണ്ട് ന്യൂസീലൻഡ് ബിൽ പാസാക്കി. ഒന്നിനെതിരേ 119 വോട്ടുകൾക്കാണ് പാർലമെന്റ് ബുധനാഴ്ച ബിൽ പാസാക്കിയത്. ഗവർണർ ജനറലിന്റെ അംഗീകാരം ലഭ്യമായാൽ ബിൽ ദിവസങ്ങൾക്കകം നിയമമാവും.

മാർച്ച് 15-ന് ബ്രെന്റൻ ടാരന്റ് എന്ന തീവ്രവലതു ഭീകരൻ നടത്തിയ ഭീകരാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് രാജ്യത്തിന്റെ തോക്കുനിയമം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡൻ പ്രഖ്യാപിക്കുകയായിരുന്നു.